ഗ്രൗണ്ടിലല്ല... കട്ട കലിപ്പില്‍ സ്റ്റാര്‍ക്ക്: വീഡിയോ
IPL
ഗ്രൗണ്ടിലല്ല... കട്ട കലിപ്പില്‍ സ്റ്റാര്‍ക്ക്: വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th May 2025, 11:34 am

ദല്‍ഹി ക്യാപിറ്റല്‍സിന്റെ സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് ഐ.പി.എല്‍ പുനരാരംഭിക്കുമ്പോള്‍ ടീമിനൊപ്പം ഉണ്ടാകുമോ എന്നത് ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ഇന്ത്യ – പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് മെയ് ഒമ്പതിന് ഐ.പി.എല്‍ താത്കാലിമായി നിര്‍ത്തിവെച്ചപ്പോള്‍ താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ പേസര്‍ ഇതുവരെ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിനൊപ്പം ചേരുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

സ്റ്റാര്‍ക്കിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സ്റ്റാര്‍ക്കിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഒരു ആരാധകന്‍ എടുത്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

വീഡിയോയില്‍ താരത്തിനെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ആരാധകനോട് ദേഷ്യപ്പെടുന്നതാണ് ഉള്ളത്. സ്റ്റാര്‍ക്ക് ആരാധകനോട് ‘പോകൂ’ എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും കാണാം. തന്റെ ബാഗുകളും കിറ്റും ഒരു ട്രോളിയില്‍ കയറ്റുന്നതിനിടയില്‍ ദല്‍ഹി സൂപ്പര്‍ താരം ആരാധകനോട് ദേഷ്യപ്പെടുന്നത്.

സ്റ്റാര്‍ക്കിന് ചുറ്റും ഒരു ചെറിയ കൂട്ടം ആരാധകര്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു അമേച്വര്‍ വ്ളോഗറായ ആരാധകനാണ് താരത്തിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് എടുത്തതാകാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സ്റ്റാര്‍ക്കിന്റെ പ്രൈവസി ലംഘിച്ചതിന് വ്ളോഗറെ വിമര്‍ശിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയില്‍ രംഗത്ത് വന്നിട്ടുണ്ട്. ആരാധകനോട് ദേഷ്യപ്പെട്ടതിന് ചില ആരാധകര്‍ സ്റ്റാര്‍ക്കിനെയും വിമര്‍ശിക്കുന്നുണ്ട്.

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ശാന്തമായ സാഹചര്യത്തില്‍ ഐ.പി.എല്‍ മെയ് 17ന് പുനരാരംഭിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഐ.പി.എല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ സ്റ്റാര്‍ക്ക് തിരിച്ചെത്താന്‍ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് താരം മുന്‍ഗണന നല്‍കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്.

പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമായ ദല്‍ഹിക്ക് സ്റ്റാര്‍ക്കിന്റെ അഭാവം തിരിച്ചടിയാവും. ഈ സീസണില്‍ ഇതുവരെ 11 മത്സരങ്ങളില്‍ നിന്ന് സ്റ്റാര്‍ക്ക് 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

Content Highlight: IPL 2025: Mitchell Starc Irked By Unwanted Attention At Airport, Loses Cool: Video