പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്. ഹൈദരാബാദിലെ ഉപ്പലില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിന്റെ ടോസിനിടെയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ കമ്മിന്‍സ് ഭീകരാക്രമണത്തെ അപലപിച്ചത്.
താരങ്ങള്‍ മാത്രമല്ല, അമ്പയര്‍മാരടക്കമുള്ള മാച്ച് ഒഫീഷ്യലുകളും കറുത്ത ആം ബാന്‍ഡ് ധരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ക്കായി ഒരു നിമിഷം മൗനം ആചരിച്ച ശേഷമാണ് മത്സരം ആരംഭിച്ചത്. വെടിക്കെട്ടുകളോ ചിയര്‍ ഗേള്‍സോ മത്സരത്തിന്റെ ഭാഗമല്ല.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീമിന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. സൂപ്പര്‍ താരം ട്രാവിസ് ഹെഡ് നാല് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായപ്പോള്‍ പുറത്താകാതെ സ്വയം തിരിച്ചുനടന്ന ഇഷാന്‍ കിഷന്റെ വിക്കറ്റും ടീമിന് നഷ്ടമായി.
നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 12 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. ആറ് പന്തില്‍ എട്ട് റണ്‍സുമായി അഭിഷേക് ശര്‍മയും നാല് പന്തില്‍ ഒരു റണ്ണുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.