15 വര്‍ഷത്തെ ചരിത്രം തിരുത്തി, സാക്ഷാല്‍ സച്ചിനെയും പിന്നിലാക്കി; സ്‌കൈ അടിച്ചാ താങ്കമാട്ടെ...
2025 IPL
15 വര്‍ഷത്തെ ചരിത്രം തിരുത്തി, സാക്ഷാല്‍ സച്ചിനെയും പിന്നിലാക്കി; സ്‌കൈ അടിച്ചാ താങ്കമാട്ടെ...
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th May 2025, 8:53 am

ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും കുതിച്ചു.

മുംബൈ ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ഇതോടെ ആദ്യ ക്വാളിഫയറില്‍ ഇടം നേടുന്ന ടീമിനായുള്ള ആരാധകരുടെ കാത്തിരിപ്പും അവസാനിച്ചിരിക്കുകയാണ്.

മുംബൈക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് സൂര്യകുമാര്‍ യാദവവാണ്. 39 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് താരം നേടിയത്. ഈ ഇന്നിങ്സിന് പിന്നാലെ സീസണിലെ 600 മാര്‍ക്ക് പിന്നിടാനും സൂര്യയ്ക്കായി. 14 മത്സരത്തില്‍ നിന്നും 71.11 ശരാശരിയിലും 167.97 സ്ട്രൈക്ക് റേറ്റിലും 640 റണ്‍സാണ് സ്‌കൈ സ്വന്തമാക്കിയത്. ഈ സീസണില്‍ 600 മാര്‍ക്ക് പിന്നിടുന്ന മൂന്നാമത് താരമാകാനും ഇതോടെ സൂര്യയ്ക്കായി.

ഇതിനെല്ലാം പുറമെ മുംബൈയുടെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് സ്‌കൈ. ഒരു ഐ.പി.എല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സൂര്യ തൂക്കിയത്. മാത്രമല്ല ഈ റെക്കോഡ് ലിസ്റ്റില്‍ മുന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാനും സൂര്യയ്ക്ക് കഴിഞ്ഞു. 15 വര്‍ഷം പഴക്കമുള്ള നേട്ടം മറികടന്നാണ് സൂര്യ തന്റെ കയ്യൊപ്പ് പതിപ്പിച്ചത്. 2010ല്‍ സച്ചിന്‍ 618 റണ്‍സായിരുന്നു സച്ചിന്‍ മുംബൈയ്ക്ക് വേണ്ടി നേടിയത്. എന്നാല്‍ ഈ സീസണില്‍ സൂര്യയുടെ 640 സച്ചിന്റെ റെക്കോഡ് പൊളിച്ചെഴുതുകയായിരുന്നു.

സൂര്യയ്ക്ക് പുറമെ റിയാന്‍ റിക്കിള്‍ടെണ്‍ 20 പന്തില്‍ 27 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 26 റണ്‍സും നേടി. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് ശിങ്, മാര്‍ക്കോ യാന്‍സന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. പര്‍പ്രീത് ബ്രാര്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ജോഷ് ഇംഗ്ലിസും പ്രിയാന്‍ഷ് ആര്യയുമാണ്. മൂന്നാമനായി ഇറങ്ങിയ ജോഷ് 42 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറും അടക്കം 73 റണ്‍സ് നേടിയാണ് പുറത്തായത്. അതേസമയം ഓപ്പണര്‍ പ്രിയാന്‍ഷ്35 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 62 റണ്‍സും നേടി. മിച്ചല്‍ സാന്റ്‌നറാണ് ഇരുവരുടേയും വിക്കറ്റ് നേടിയത്.

പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. 16 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 26 റണ്‍സാണ് താരം നേടിയത്. സിക്സര്‍ നേടിയാണ് ശ്രേയസ് പഞ്ചാബിന് ജയം സമ്മാനിച്ചത്. മുംബൈയ്ക്കായി മിച്ചല്‍ സാന്റ്നര്‍ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: IPL 2025: MI VS PBKS: Suryakumar Yadav Surpass Sachin Tendulkar In A Great Record Achievement