ബാറ്റിങ് സ്ലോട്ട് ഇല്ലാത്ത ഒരേയൊരു കളിക്കാരന്‍ അദ്ദേഹമാണ്; സൂപ്പര്‍ താരത്തെക്കുറിച്ച് അയ്യര്‍
2025 IPL
ബാറ്റിങ് സ്ലോട്ട് ഇല്ലാത്ത ഒരേയൊരു കളിക്കാരന്‍ അദ്ദേഹമാണ്; സൂപ്പര്‍ താരത്തെക്കുറിച്ച് അയ്യര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th May 2025, 9:37 am

ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും കുതിച്ചു.

മുംബൈ ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ഇതോടെ ആദ്യ ക്വാളിഫയറില്‍ ഇടം നേടുന്ന ടീമിനായുള്ള ആരാധകരുടെ കാത്തിരിപ്പും അവസാനിച്ചിരിക്കുകയാണ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ജോഷ് ഇംഗ്ലിസും പ്രിയാന്‍ഷ് ആര്യയുമാണ്. മൂന്നാമനായി ഇറങ്ങിയ ജോഷ് 42 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറും അടക്കം 73 റണ്‍സ് നേടിയാണ് പുറത്തായത്. അതേസമയം ഓപ്പണര്‍ പ്രിയാന്‍ഷ് 35 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 62 റണ്‍സും നേടി. മിച്ചല്‍ സാന്റ്‌നറാണ് ഇരുവരുടേയും വിക്കറ്റ് നേടിയത്.

പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. 16 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 26 റണ്‍സാണ് താരം നേടിയത്. സിക്സര്‍ നേടിയാണ് ശ്രേയസ് പഞ്ചാബിന് ജയം സമ്മാനിച്ചത്. മുംബൈയ്ക്കായി മിച്ചല്‍ സാന്റ്നര്‍ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും സ്വന്തമാക്കി.

മത്സര ശേഷം പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സംസാരിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ ആദ്യ ദിവസം മുതല്‍ വിജയം ലക്ഷ്യം വെച്ചാണ് ഇറങ്ങിയതെന്നും ടീമിന് മികച്ച ഒത്തൊരുമയും താരങ്ങള്‍ തമ്മില്‍ മികച്ച വിശ്വാസവും ഉള്ളത് തങ്ങളെ മുന്നോട്ട് കൊണ്ടുപോയെന്നും അയ്യര്‍ പറഞ്ഞു. മാത്രമല്ല സപ്പോര്‍ട്ടിങ് സ്റ്റാഫുകളും മാനേജ്മന്റും മികച്ച പിന്തുണ നല്‍കിയെന്നും താരം പറഞ്ഞു.

‘ആവശ്യമുള്ളപ്പോള്‍ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങി. ടൂര്‍ണമെന്റിന്റെ ആദ്യ ദിവസം മുതല്‍ വിജയം നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ടീം മാനേജ്‌മെന്റിനും അഭിനന്ദനങ്ങള്‍. റിക്കി (പോണ്ടിങ്) എല്ലാവരുമായും മികച്ച രീതിയില്‍ ഇടപെട്ടിട്ടുണ്ട്. എല്ലാ കളിക്കാരോടും സംസാരിക്കേണ്ടത് പ്രധാനമാണ്. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പരസ്പരം പിന്നോട്ട് കുത്തുന്നരീതിയില്‍ സംസാരിക്കാന്‍ എളുപ്പമാണ്. പക്ഷേ ഞങ്ങള്‍ പരസ്പരം വിശ്വസിച്ചു,’ ശ്രേയസ് അയ്യര്‍ പറഞ്ഞു.

മുംബൈക്കെതിരെ മിന്നും പ്രകടനം കാഴ്ചവെച്ച ജോഷ് ഇംഗ്ലിസിനെ പ്രശംസിച്ചും അയ്യര്‍ സംസാരിച്ചിരുന്നു. ന്യൂബോള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് ജോഷ് എന്നും എന്നാല്‍ ടീമില്‍ ബാറ്റിങ് സ്ലോട്ട് ഇല്ലാത്ത ഏക താരം ജോഷാണെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇംഗ്ലിസ് ന്യൂബോള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന കളിക്കാരനാണ്. ധാരാളം പന്തുകള്‍ അദ്ദേഹം നേരിടണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ഒരു നിശ്ചിത ബാറ്റിങ് സ്ലോട്ട് ഇല്ലാത്ത ഒരേയൊരു കളിക്കാരന്‍ അദ്ദേഹമാണ്. അദ്ദേഹം ഒരു മാച്ച് വിന്നറാണ്,” അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് സൂര്യകുമാര്‍ യാദവവാണ്. 39 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് താരം നേടിയത്. റിയാന്‍ റിക്കിള്‍ടെണ്‍ 20 പന്തില്‍ 27 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 26 റണ്‍സും നേടി. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ഹര്‍പ്രീത് ബ്രാര്‍ ഒരു വിക്കറ്റും നേടി.

Content Highlight: IPL 2025: MI VS PBKS: Shreyas Iyer Talking About Won Against Mumbai