സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിനാണ് പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സും കളത്തിലിറങ്ങിയിരിക്കുന്നത്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
വിജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്തെത്താനും ആദ്യ ക്വാളിഫയര്‍ കളിക്കാനും സാധിക്കുമെന്നതിനാല്‍ വിജയം മാത്രം പ്രതീക്ഷിച്ചാണ് ഇരുവരും കളത്തിലിറങ്ങുന്നത്.
ഈ മത്സരത്തില്‍ ഒരു ചരിത്ര നേട്ടം തന്റെ പേരില്‍ എഴുതിച്ചേര്‍ത്താണ് രോഹിത് ശര്‍മ തന്റെ ടി-20 കരിയറിനെ അടുത്ത തലത്തിലേക്കെത്തിച്ചിരിക്കുന്നത്. പഞ്ചാബിനെതിരെ നേടിയ രണ്ടാം ഫോറിന് പിന്നാലെയാണ് രോഹിത് കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്.
ടി-20 ഫോര്‍മാറ്റില്‍ 1,100 ഫോറുകള്‍ നേടുന്ന താരങ്ങളുടെ ലിസ്റ്റിലാണ് രോഹിത് ഇടം നേടിയത്. ഈ റെക്കോഡിലെത്തുന്ന പത്താം താരവും മൂന്നാമത് മാത്രം ഇന്ത്യന്‍ താരവുമാണ് ഹിറ്റ്മാന്‍.
വിരാട് കോഹ്‌ലി (1195), ശിഖര്‍ ധവാന്‍ (1108) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം ഫോറുകള്‍ നേടിയ താരം
(താരം – ഇന്നിങ്‌സ് – ഫോര്‍ എന്നീ ക്രമത്തില്‍)
അലക്‌സ് ഹേല്‍സ് – 492 – 1497
ഡേവിഡ് വാര്‍ണര്‍ – 409- 1352
ജെയിംസ് വിന്‍സ് – 418 – 1342
ബാബര്‍ അസം – 309 – 1196
വിരാട് കോഹ്‌ലി – 394 – 1195
ജോസ് ബട്‌ലര്‍ – 422 – 1146
ക്രിസ് ഗെയ്ല്‍ – 455 – 1132
ശിഖര്‍ ധവാന്‍ – 331 – 1108
ജേസണ്‍ റോയ് – 382 – 1102
രോഹിത് ശര്‍മ – 448* – 1100*
അതേസമയം, മത്സരത്തില്‍ 22 റണ്‍സുമായി രോഹിത് ശര്‍മ പുറത്തായിരിക്കുകയാണ്. 21 പന്ത് നേരിട്ടാണ് താരം പുറത്തായത്. രണ്ട് ഫോറും ഒരു സിക്‌സറും അടക്കം 114.29 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് സ്‌കോര്‍ ചെയ്തത്.
നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 83 എന്ന നിലയിലാണ് മുംബൈ. 20 പന്തില്‍ 27 റണ്‍സ് നേടിയ റിയാന്‍ രിക്കല്‍ടണിന്റെ വിക്കറ്റാണ് ടീമിന് നേരത്തെ നഷ്ടമായത്.