ഐ.പി.എല്‍ 2025ല്‍ രണ്ടാം ക്വാളിഫയര്‍ മത്സരമാണ് നടക്കാനിരിക്കുന്നത്. രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സുമാണ് നേരിടുക. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ജയിക്കുന്നവര്‍ ആര്‍.സി.ബിക്കെതിരെ കിരീടത്തിനായി പോരിനിറങ്ങും. പഞ്ചാബ് കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ മുംബൈയ്ക്ക് ഉന്നം ആറാം കിരീടമാണ്.
പഞ്ചാബ് കിങ്സ് ഒന്നാം ക്വാളിഫയറില്‍ ബെംഗളൂരുവിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയാണ് മുംബൈക്കെതിരെ കളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്. ക്വാളിഫയര്‍ മത്സരത്തിന് മുമ്പ് പരിശീലനത്തില്‍ കൂടുതല്‍ സമയം ലഭിച്ചത് ശ്രേയസിന്റെ സംഘത്തിന് പിഴവുകള്‍ തിരുത്താന്‍ അവസരം നല്‍കിയിട്ടുണ്ട്. അത് മത്സരത്തില്‍ കൂടി പ്രതിഫലിക്കാനായാല്‍ ആദ്യ കിരീടമെന്ന സ്വപ്‌നത്തിലേക്ക് അടുക്കാന്‍ പഞ്ചാബിനാവും.
അതേസമയം, എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലിലെ സ്ഥാനം തേടിയിറങ്ങുന്നത്. തുടക്കത്തിലെ തിരിച്ചടികള്‍ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയതും താരങ്ങള്‍ എല്ലാവരും മികച്ച പ്രകടനങ്ങള്‍ നടത്തുന്നതും മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുന്നു.
മത്സരത്തിന് മുന്നോടിയായി മുംബൈയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഹര്‍ദിക് പാണ്ഡ്യയും നമന്‍ ധിറും മുംബൈ ഇന്ത്യന്‍സിലെ നിര്‍ണായക ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു.
നമന്‍ ധിര്‍ നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ടെന്നും അവന്‍ ഒരു സിക്‌സ് ഹിറ്ററാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
‘ആരാണ് അഞ്ചാം നമ്പറില്‍ തൊട്ട് ഏഴാം നമ്പര്‍ വരെ ഇറങ്ങുക? പഞ്ചാബ് കിങ്‌സിനായി നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരാകും. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹര്‍ദിക് പാണ്ഡ്യ, നമന്‍ ധിര്‍, അതിനുശേഷം രാജ് അംഗദ് ബാവ എന്നിവരുമാകും.
നമന്‍ ധിറും ഹര്‍ദിക് പാണ്ഡ്യയും ഈ ടീമിലെ നിര്‍ണായക ഘടകങ്ങളാണ്. നമന്‍ വളരെയധികം നന്നായി കളിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്നാണ് അവന്‍ വരുന്നത്. നിരവധി നിര്‍ണായക ഇന്നിങ്‌സുകള്‍ അവന്‍ കളിച്ചിട്ടുണ്ട്, കൂടാതെ അവന്‍ ഒരു സിക്‌സ് ഹിറ്ററാണ്,’ ചോപ്ര പറഞ്ഞു.
പതിനെട്ടാം സീസണില്‍ മുംബൈക്കായി മികച്ച പ്രകടനമാണ് നടത്തുന്നത്. 15 മത്സരങ്ങളില്‍ 30.71 ശരാശരിയിലും 179.16 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്ത താരം 215 റണ്‍സാണ് നേടിയത്.
Content Highlight: IPL 2025: MI vs PBKS: Akash Chopra praises Mumbai Indians batter Naman Dhir