മുംബൈയിലെ ദൈവത്തിന് പോലും സാധിക്കാത്തത്; റണ്‍സ് നേടേണ്ട, ക്യാച്ചെടുക്കേണ്ട, വിക്കറ്റും വീഴ്‌ത്തേണ്ട! ആകാശം തൊടാന്‍ സ്‌കൈ
IPL
മുംബൈയിലെ ദൈവത്തിന് പോലും സാധിക്കാത്തത്; റണ്‍സ് നേടേണ്ട, ക്യാച്ചെടുക്കേണ്ട, വിക്കറ്റും വീഴ്‌ത്തേണ്ട! ആകാശം തൊടാന്‍ സ്‌കൈ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th April 2025, 6:39 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുകയാണ്. പതിവ് പോലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് രണ്ടാം മത്സരത്തിലും തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഓപ്പണിങ് മാച്ചില്‍ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും പരാജയപ്പെട്ടിരുന്നു.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വിജയിച്ചാണ് മുംബൈ പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറന്നത്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.

കൊല്‍ക്കത്തയെ 116 റണ്‍സിന് എറിഞ്ഞിടുകയും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയുമായിരുന്നു. സൂപ്പര്‍ ജയന്റ്‌സിനെതിരെ അവരുടെ തട്ടകത്തില്‍ വിജയം മാത്രമാണ് മുംബൈ ലക്ഷ്യമിടുന്നത്.

ഈ മത്സരത്തില്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് ഒരു ചരിത്ര നേട്ടത്തിലേക്കും നടന്നുകയറും. മുംബൈ ഇന്ത്യന്‍സിനായി 100 ഐ.പി.എല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് സ്‌കൈ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

ഏഴ് താരങ്ങള്‍ മാത്രമാണ് ഇതുവരെ മുംബൈ ഇന്ത്യന്‍സിനായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കൊപ്പം എട്ടാമനായി ഈ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനാണ് സൂര്യ ഒരുങ്ങുന്നത്.

ഐ.പി.എല്ലില്‍ ഓരോ ടീമിന് വേണ്ടിയും നൂറ് മത്സരങ്ങള്‍ കളിച്ച താരങ്ങള്‍

(ടീം – താരങ്ങള്‍ എന്നീ ക്രമത്തില്‍)

മുംബൈ ഇന്ത്യന്‍സ്: കെയ്‌റോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ്, ലസിത് മലിംഗ, അംബാട്ടി റായിഡു, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ.

ചെന്നൈ സൂപ്പര്‍ കിങ്‌സ്: എം.എസ്. ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ആര്‍. അശ്വിന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഗൗതം ഗംഭീര്‍, സുനില്‍ നരെയ്ന്‍, യൂസുഫ് പത്താന്‍, ആന്ദ്രേ റസല്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോഹ്‌ലി, എ.ബി. ഡി വില്ലിയേഴ്‌സ്, യൂസ്വേന്ദ്ര ചഹല്‍.

രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍, അജിന്‍ക്യ രഹാനെ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഭുവനേശ്വര്‍ കുമാര്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ്: റിഷബ് പന്ത്.

പഞ്ചാബ് കിങ്‌സ്:

ഗുജറാത്ത് ടൈറ്റന്‍സ്:

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്:

ചിത്രത്തിന് കടപ്പാട്: ഷെബാസ്

 

പോയിന്റ് പട്ടികയില്‍ ആറും ഏഴും സ്ഥാനത്തുള്ള ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് എകാന ക്രിക്കറ്റ് ഗ്രൗണ്ട് ഇന്ന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. വിജയിക്കുന്ന ടീമിന് പോയിന്റ് പട്ടിയില്‍ നേട്ടമുണ്ടാക്കാനും സാധിക്കും.

പഞ്ചാബ് കിങ്‌സിനെതിരായ പരാജയത്തിന് പിന്നാലെ വിജയപാതയിലേക്ക് മടങ്ങിയെത്താന്‍ ഹോം ടീമും വിജയം തുടരാന്‍ സന്ദര്‍ശകരും ശ്രമിക്കുമ്പോള്‍ ലഖ്‌നൗവില്‍ പോരാട്ടം തീ പാറും.

 

Content highlight: IPL 2025: MI vs LSG: Suryakumar Yadav will be playing 100th match for Mumbai Indians