ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ ചരിത്രമെഴുതി സൂര്യകുമാര്‍ യാദവ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ഹോം ടൗണ്‍ ഹീറോ അര്‍ധ സെഞ്ച്വറിയുമായി ചരിത്രമെഴുതിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് റിയാന്‍ റിക്കല്‍ടണിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ 215 റണ്‍സ് നേടി. റിക്കല്‍ടണ്‍ 32 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 54 റണ്‍സുമായി സൂര്യയും തിളങ്ങി.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഐ.പി.എല്ലില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനും സൂര്യയ്ക്ക് സാധിച്ചു. ഈ നാഴികക്കല്ലിലെത്തുന്ന 17ാമത് താരമാണ് സ്‌കൈ. ഇതിനൊപ്പം തന്നെ ഓറഞ്ച് ക്യാപ്പും സൂര്യ സ്വന്തമാക്കി.
കരിയര്‍ മൈല്‍സ്‌റ്റോണ്‍ പിന്നിട്ടതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കി. ഐ.പി.എല്ലില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരമെന്ന റെക്കോഡാണ് സൂര്യ സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരങ്ങള്‍ (ചുരുങ്ങിയത് 4,000 റണ്‍സ്)
(താരം – റണ്‍സ് – സ്‌ട്രൈക് റേറ്റ് എന്നീ ക്രമത്തില്‍)
സൂര്യകുമാര്‍ യാദവ് – 4,021 – 147.55*
സഞ്ജു സാംസണ്‍ – 4,643 – 139.17
എം.എസ്. ധോണി – 5,383 – 137.67
സുരേഷ് റെയ്‌ന – 5,528 – 136.73
കെ.എല്‍. രാഹുല്‍ – 5,006 – 135.70
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടിരുന്നു. അഞ്ച് പന്തില്‍ 12 റണ്‍സാണ് രോഹിത് നേടിയത്.
രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി റിയാന്‍ റിക്കല്‍ടണും വില്‍ ജാക്‌സും ഇന്നിങ്‌സിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 88 നില്‍ക്കവെ റിക്കല്‍ടണെ മടക്കി ദിഗ്വേഷ് രാഥി ലഖ്‌നൗവിനാവശ്യമായ ബ്രേക് ത്രൂ നല്‍കി.
32 പന്തില്‍ നാല് സിക്‌സറും ആറ് ഫോറുമടക്കം 181.25 സ്‌ട്രൈക്ക് റേറ്റില്‍ 58 റണ്‍സാണ് താരം സ്വന്തമാക്കിയത്.
പിന്നാലെയെത്തിയ സൂര്യകുമാറും വില്‍ ജാക്‌സിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. വില്‍ ജാക്‌സ് 21 പന്തില്‍ 29 റണ്‍സടിച്ച് മടങ്ങി. പിന്നാലെയെത്തിയ തിലക് വര്‍മ ആറ് റണ്‍സിനും ഹര്‍ദിക് പാണ്ഡ്യ അഞ്ച് റണ്‍സിനും മടങ്ങിയെങ്കിലും സ്‌കൈ തന്റെ താണ്ഡവം തുടര്‍ന്നു.
ടീം സ്‌കോര്‍ 180ല്‍ നില്‍ക്കവെയാണ് സൂര്യ മടങ്ങുന്നത്. 28 പന്തില്‍ 54 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. നാല് വീതം ഫോറും സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
നമന്‍ ധിര്‍ 11 പന്തില്‍ പുറത്താകാതെ 25 റണ്‍സും കോര്‍ബിന്‍ ബോഷ് പത്ത് പന്തില്‍ 20 റണ്‍സുമായി മുംബൈ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീം 215ലെത്തി.
സൂപ്പര്‍ ജയന്റ്‌സിനായി മായങ്ക് യാദവും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: IPL 2025: MI vs LSG: Suryakumar Yadav completes 4,000 IPL runs