ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 216 റണ്‍സിന്റെ വിജയലക്ഷ്യവുമായി മുംബൈ ഇന്ത്യന്‍സ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന് മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെയും റിയാന്‍ റിക്കല്‍ടണിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് മുംബൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് തുടക്കം പാളിയിരുന്നു. മൂന്നാം ഓവറില്‍ തന്നെ സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിനെ മടക്കി ജസ്പ്രീത് ബുംറ ടീമിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 11 പന്തില്‍ ഒമ്പത് റണ്‍സുമായി നമന്‍ ധിറിന് ക്യാച്ച് നല്‍കിയായിരുന്നു സൂപ്പര്‍ ജയന്റ്‌സ് സൂപ്പര്‍ താരത്തിന്റെ മടക്കം.
ഈ വിക്കറ്റിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ബുംറയെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് ബുംറ നടന്നുകയറിയത്.
മുംബൈ ഇതിഹാസവും നിലവില്‍ ടീമിന്റെ ബൗളിങ് പരിശീലകനുമായ ലസിത് മലിംഗയെ മറികടന്നുകൊണ്ടാണ് ബുംറ ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമതെത്തിയത്.
