ഐ.പി.എല്‍ 2025ന്റെ എലിമിനേറ്ററിനാണ് കളമൊരുങ്ങുന്നത്. ന്യൂ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും.
ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ പുറത്താകുമെന്നതിനാല്‍ ഇരു ടീമും തങ്ങളുടെ നൂറ് ശതമാനവും പുറത്തെടുത്താകും മുല്ലാന്‍പൂരിലിറങ്ങുക.
കരുത്തരുടെ പോരാട്ടത്തില്‍ ഇരു ടീമുകള്‍ക്കും തങ്ങളുടേതായ ദൗര്‍ബല്യങ്ങളുമുണ്ട്. ടൈറ്റന്‍സിനെ സംബന്ധിച്ച് അത് ഫോമിലേക്കുയരാന്‍ സാധിക്കാത്ത റാഷിദ് ഖാനാണ്.
14 മത്സരത്തില്‍ നിന്നും 53.66 ശരാശരിയിലും 34.00 സ്‌ട്രൈക്ക് റേറ്റിലും ഒമ്പത് വിക്കറ്റ് മാത്രമാണ് അഫ്ഗാന്റെ സ്പിന്‍ വിസാര്‍ഡിന് സ്വന്തമാക്കാന്‍ സാധിച്ചത്. 25/2 ആണ് മികച്ച ബൗളിങ് പ്രകടനം. താരത്തിന്റെ എക്കോണമിയാകട്ടെ പത്തിനോട് അടുപ്പിച്ചും.
റാഷിദ് ഖാന്റെ പതനം വ്യക്തമാക്കുന്ന ഒരു അനാവശ്യ റെക്കോഡും ഈ സീസണില്‍ പിറവിയെടുത്തിട്ടുണ്ട്. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ വഴങ്ങുന്ന ബൗളര്‍ എന്ന മോശം റെക്കോഡിലാണ് റാഷിദ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ സീസണില്‍ 31 സിക്‌സറാണ് താരം ഇതുവരെ വിട്ടുകൊടുത്തത്.
2022 സീസണില്‍ മുഹമ്മദ് സിറാജും 31 സിക്‌സര്‍ വഴങ്ങിയിരുന്നു.
ഇന്ന് നടക്കുന്ന എലിമിനേറ്ററില്‍ റാഷിദിന്റെ പന്തില്‍ ഏതെങ്കിലുമൊരു മുംബൈ താരം സിക്‌സര്‍ നേടുകയാണെങ്കില്‍ ഈ അനാവശ്യ നേട്ടത്തില്‍ സിറാജിനെ മറികടന്ന് ടൈറ്റന്‍സ് താരം ഒന്നാമനാവുകയും ചെയ്യും.
ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ ടി-20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരമായി റാഷിദ് ഖാനെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ കൂടിയാണ് അഫ്ഗാന്‍ സൂപ്പര്‍ താരം മോശം പ്രകടനം ആവര്‍ത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പുറമെ സി.പി.എല്‍, ഐ.പി.എല്‍ അടക്കമുള്ള ഫ്രാഞ്ചൈസി ലീഗിലെ പ്രകടനം കൂടി കണക്കിലെടുത്താണ് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ ടി-20 ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനെ ഒന്നാമനായി തെരഞ്ഞെടുത്തത്.