ഐ.പി.എല്‍ 2025ലെ 56ാം മത്സരത്തില്‍ ഡി.എല്‍.എസ് നിയമത്തിലൂടെ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തിരുന്നു. തുടക്കം പാളിയെങ്കിലും ഗുജറാത്ത് മികച്ച നിലയിലാണ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിരുന്നത്. ഇതിനിടെ മഴ കാരണം രണ്ട് പ്രാവശ്യമാണ് മത്സരം തടസപെട്ടത്.
A night of two emotions 🥳🙁
But above all, it was a night of 𝙀𝙭𝙩𝙧𝙚𝙢𝙚 𝙀𝙣𝙩𝙚𝙧𝙩𝙖𝙞𝙣𝙢𝙚𝙣𝙩 🍿
മഴ കാരണം മത്സരം നിര്‍ത്തിവെക്കുമ്പോള്‍ 18ാം ഓവറില്‍ 132/6 എന്ന നിലയിലായിരുന്നു ടൈറ്റന്‍സ്. മഴയ്ക്ക് പിന്നാലെ ഒരു ഓവറില്‍ 15 റണ്‍സ് എന്ന നിലയിലേക്ക് ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചു. ദീപക് ചഹറിന്റെ ഓവറില്‍ അവസാന പന്തിലാണ് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്.
ചെറിയ സ്‌കോര്‍ വിജയ ലക്ഷ്യമായി ഉയര്‍ത്തിയതെങ്കിലും മത്സരം അവസാന ഓവര്‍ വരെ കൊണ്ടുപോകാന്‍ മുംബൈ ഇന്ത്യന്‍സിനെ സഹായിച്ചത് സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഓവറുകളാണ്. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് 19 റണ്‍സ് മാത്രമാണ് താരം വിട്ടു നല്‍കിയത്.
4.75 എക്കോണമിയില്‍ പന്തെറിഞ്ഞ് ബുംറ ഗുജറാത്തിന്റെ രണ്ട് നിര്‍ണായക വിക്കറ്റുകളും നേടിയിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ഷാരൂഖാന്റെയും വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ബൗള്‍ഡാക്കിയാണ് പേസര്‍ ഇരുവരെയും മടക്കിയയച്ചത്.
ഈ പ്രകടനത്തോടെ ഒരു നേട്ടവും ബുംറക്ക് സ്വന്തമാക്കാനായി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റുകള്‍ വീഴ്ത്തുന്ന നാലാമത്തെ ബൗളറാവാണ് ബുംറയ്ക്ക് സാധിച്ചത്. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ മറികടന്നാണ് ഈ നേട്ടത്തിലെത്തിയത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റുകള്‍
ലസിത് മലിംഗ – 63
സുനില്‍ നരെയ്ന്‍ – 53
പിയുഷ് ചൗള – 50
ജസ്പ്രീത് ബുംറ – 43
ഭുവനേശ്വര്‍ കുമാര്‍ – 41
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ റിയാന്‍ റിക്കല്‍ടണ്‍ തിരിച്ചുനടന്നപ്പോള്‍ ഒറ്റയക്കത്തിന് രോഹിത് ശര്‍മയും പുറത്തായി.
മൂന്നാം വിക്കറ്റില്‍ വില്‍ ജാക്സും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സ് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചു.
വില്‍ ജാക്സ് 35 പന്തില്‍ 53 റണ്‍സും സ്‌കൈ 24 പന്തില്‍ 35 റണ്‍സും നേടി. ഡെത്ത് ഓവറുകളിൽ കോര്‍ബിന്‍ ബോഷ് നടത്തിയ ചെറുത്തു നില്‍പ്പാണ് മുംബൈയെ 150 കടത്തിയത്.
ടൈറ്റന്‍സിനായി പന്തെറിഞ്ഞ എല്ലാവരും തന്നെ വിക്കറ്റ് വീഴ്ത്തി. രവിശ്രീനിവാസന്‍ സായ് കിഷോര്‍ രണ്ട് മുംബൈ താരങ്ങളെ മടക്കിയപ്പോള്‍ ജെറാള്‍ഡ് കോട്‌സിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിനും തുടക്കം പാളിയിരുന്നു. അഞ്ച് പന്തില്‍ അഞ്ച് റണ്‍സുമായി സൂപ്പര്‍ താരം സായ് സുദര്‍ശന്‍ പുറത്തായി. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ടണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
ബട്ലറിന് പിന്നാലെ ക്രീസിലെത്തിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് മികച്ച പ്രകടനവുമായി തിളങ്ങി. 15 പന്തില്‍ 28 റണ്‍സെടുത്ത താരത്തിന്റെ പ്രകടനമാണ് ടൈറ്റന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മഴ കാരണം റണ്‍സ് വെട്ടി കുറച്ച മത്സരത്തില്‍ അവസാന പന്തില്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ ടൈറ്റന്‍സ് സിംഗിള്‍ നേടുകയും മത്സരം വിജയിക്കുകയുമായിരുന്നു.
മുംബൈക്കായി ബുംറക്ക് പുറമെ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റും ദീപക് ചഹര്‍ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: IPL 2025: MI vs GT: Jasprit Bumrah becomes fourth bowler to have most bowled wickets in IPL