പ്ലേ ഓഫ് ലക്ഷ്യം വെച്ചുള്ള നിര്‍ണായക മത്സരത്തില്‍ ദല്‍ഡഹി ക്യാപ്പിറ്റല്‍സിനെതിരെ 180 റണ്‍സിന്റെ ടോട്ടലുമായി മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ സ്വന്തം തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മുംബൈ മോശമല്ലാത്ത സ്‌കോറിലെത്തിയത്.
43 പന്തില്‍ പുറത്താകാതെ 73 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. ഏഴ് ഫോറും നാല് സിക്‌സറും അടക്കം 169.77 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.
ക്യാപ്പിറ്റല്‍സിനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്‌കൈ സ്വന്തമാക്കി. ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ ഏറ്റവുമധികം മത്സരങ്ങളില്‍ 25+ റണ്‍സ് നേടുന്ന താരമായാണ് സൂര്യ റെക്കോഡിട്ടത്. ഐ.പി.എല്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ടി-20 മാച്ചുകളും താരങ്ങളും അടങ്ങിയ പട്ടികയിലാണ് സ്‌കൈ ഒന്നാമനായി ഇടം നേടിയത്.
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സുമായാണ് രോഹിത് മടങ്ങിയത്.
പിന്നാലെയെത്തിയ സൂര്യ – തിലക് സഖ്യത്തെ വമ്പന്‍ ഷോട്ടുകളുതിര്‍ക്കാനോ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിക്കാനോ അനുവദിക്കാതെ ദല്‍ഹി ബൗളര്‍മാര്‍ വിരുതുകാട്ടി. ടീം സ്‌കോര്‍ 113ല്‍ നില്‍ക്കവെ അഞ്ചാം വിക്കറ്റായി തിലക് വര്‍മയെയും ദല്‍ഹി പുറത്താക്കി. 27 പന്തില്‍ 27 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.
ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ സ്‌കോര്‍ ബോര്‍ഡിനെ അധികം ബുദ്ധിമുട്ടിക്കാതെ വന്നതുപോലെ തിരിച്ചുപോയി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് പാണ്ഡ്യയ്ക്ക് നേടാനായത്.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സ്‌കൈ കൂടുതല്‍ ആക്രമണകാരിയായി. ഒരു വശത്ത് നിന്ന് സൂര്യയും മറുവശത്ത് നിന്ന് നമന്‍ ധിറും ബൗളര്‍മാരെ അടിച്ചുകൂട്ടി.
അവസാന രണ്ട് ഓവറുകളിലാണ് ദല്‍ഹി ബൗളര്‍മാര്‍ ശരിക്കും അടിവാങ്ങിക്കൂട്ടിയത്. 18 ഓവര്‍ അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 എന്ന നിലയില്‍ നിന്നും 20ാം ഓവര്‍ അവസാനിക്കുമ്പോള്‍ 180ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞു.
മുകേഷ് കുമാര്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറും അടക്കം 27 റണ്‍സ് പിറന്നപ്പോള്‍ ദുഷ്മന്ത ചമീരയുടെ അവസാന ഓവറില്‍ രണ്ട് സിക്‌സറും രണ്ട് ഫോറും അടക്കം 21 റണ്‍സും പിറന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ മുംബൈ 180/5 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. സ്‌കൈ 43 പന്തില്‍ പുറത്താകാതെ 73 റണ്‍സ് നേടിയപ്പോള്‍ എട്ട് പന്തില്‍ 24 റണ്‍സുമായി നമന്‍ ധിര്‍ പുറത്താകാതെ നിന്നു.
ക്യാപ്പിറ്റല്‍സിനായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: IPL 2025: MI vs DC: Suryakumar Yadav tops the list of most consecutive 25+ scores in T20s