സ്‌കൈ ഈസ് ലിമിറ്റ്‌ലെസ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് മുന്‍ താരം
IPL
സ്‌കൈ ഈസ് ലിമിറ്റ്‌ലെസ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd May 2025, 2:16 pm

ഐ.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് കുതിച്ച് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ വിജയം നേടിയാണ് മുന്‍ ചാമ്പ്യന്മാര്‍ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.

മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ കരുത്തില്‍ 59 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ നേടിയത്. ഹര്‍ദികിന്റെ സംഘം ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിനെ 121 റണ്‍സില്‍ ഒതുക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത് സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയാണ്. ദല്‍ഹിക്കെതിരെ 43 പന്തില്‍ നാല് സിക്സും ഏഴ് ഫോറും അടക്കം താരം 73 റണ്‍സ് എടുത്താണ് മിന്നും പ്രകടനം നടത്തിയത്.

ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 58 എന്ന നിലയില്‍ നിന്ന മുംബൈയെ താങ്ങി നിര്‍ത്തിയത് സ്‌കൈയുടെ ഇന്നിങ്സായിരുന്നു. പതിവ് പോലെ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ വളരെ ശ്രദ്ധയോടെയാണ് താരം ഇന്നിങ്സ് കെട്ടിപ്പടുത്തത്. അര്‍ധ സെഞ്ച്വറി നേടിയതിന് ശേഷമാണ് സൂര്യ തന്റെ ട്രാക്ക് മാറ്റിയത്.

സൂര്യ ഈ മത്സരത്തില്‍ സ്വീകരിച്ച സമീപനത്തെ കുറിച്ച് ആകാശ് ചോപ്ര സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം സൂര്യയുടെ ഇന്നിങ്സ് വളരെ സംയമനത്തോടെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പിച്ചിന് വ്യത്യസ്തമായ ഒരു സമീപനം ആവശ്യമായിരുന്നുവെന്നും  അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘ഇന്നലെ രാത്രിയിലെ സ്‌കൈയുടെ ഇന്നിങ്സിനെ ശരിക്കും മനസിലാക്കാനും അഭിനന്ദിക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ വാഗണ്‍-വീല്‍ നോക്കൂ. അദ്ദേഹത്തിന്റെ ഇന്നിങ്സ് വളരെ സംയമനത്തോടെയായിരുന്നു.

കളിയെ കൂടുതല്‍ ആഴത്തില്‍ നോക്കൂ. 70+ റണ്‍സ് നേടിയ ഒരു ഇന്നിങ്സില്‍ ലെഗ് സൈഡില്‍ സ്‌ക്വയറിന് പിന്നില്‍ ഒരു ഫോറോ സിക്‌സോ പോലും സൂര്യ അടിക്കാത്തത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം. പിച്ചിന് വ്യത്യസ്തമായ ഒരു സമീപനം ആവശ്യമായിരുന്നു, അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചു. സ്‌കൈ പരിധിയില്ലാത്തതാണ്,’ ചോപ്ര പറഞ്ഞു.

പതിനെട്ടാം സീസണില്‍ മുംബൈക്കായി മികച്ച പ്രകടനമാണ് സൂര്യ കുമാര്‍ യാദവ് പുറത്തെടുക്കുന്നത്. 13 മത്സരങ്ങളില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 583 റണ്‍സാണ് താരം നേടിയത്. 72.88  ആവറേജും 170.46 സ്‌ട്രൈക്ക് റേറ്റുമുള്ള സൂര്യ സീസണിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമതുണ്ട്.

Content Highlight: IPL 2025: MI vs DC: Akash Chopra praises Mumbai Indians batter Suryakumar Yadav ‘s knock against Delhi Capitals