ഐ.പി.എല്ലില്‍ തിളങ്ങി മലയാളി താരം വിഗ്നേഷ് പുത്തൂര്‍. ചെപ്പോക്കില്‍ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍ മത്സരത്തില്‍ മുംബൈയുടെ ഇംപാക്ട് പ്ലെയറായാണ് താരം കളത്തിലിറങ്ങിയത്. രോഹിത് ശര്‍മയ്ക്ക് പകരമായിരുന്നു ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നറുടെ ഐ.പി.എല്‍ അരങ്ങേറ്റം.
മലയാളിയെങ്കിലും സീനിയര്‍ തലത്തില്‍ കേരളത്തിനായി ഒറ്റ ടി-20 മത്സരം പോലും താരം കളിച്ചിട്ടില്ല. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന വിഗ്നേഷ് ടൂര്‍ണമെന്റില്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു.
ഐ.പി.എല്‍ മെഗാ ലേലത്തില്‍ അടിസ്ഥാനവിലയായ 30 ലക്ഷത്തിനാണ് മുംബൈ ഇന്ത്യന്‍സ് മലയാളി താരത്തെ ടീമിലെത്തിച്ചത്. നേരത്തെ എം.ഐ കേപ്ടൗണിനായി നെറ്റ് ബൗളറായും താരം പ്രവര്‍ത്തിച്ചിരുന്നു.
മത്സരത്തില്‍ പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ വിഗ്നേഷ് വിക്കറ്റ് നേടിയാണ് താരം വരവറിയിച്ചത്. അര്‍ധ സെഞ്ച്വറിയുമായി മികച്ച ഫോമില്‍ ബാറ്റ് വീശിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ മടക്കിക്കൊണ്ടായിരുന്നു താരത്തിന്റെ തുടക്കം.
എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച ഗെയ്ക്വാദിന് പിഴയ്ക്കുകയും വില്‍ ജാക്‌സിന്റെ കൈകളിലൊതുങ്ങുകയുമായിരുന്നു. ആദ്യ ഐ.പി.എല്‍ വിക്കറ്റില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഉള്‍പ്പടെയുള്ള താരങ്ങള്‍ വിഗ്നേഷിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരുന്നു.
നിലവില്‍ മൂന്ന് ഓവര്‍ എറിഞ്ഞ താരം 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയിരിക്കുകയാണ്.
മുംബൈ ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 119 എന്ന നിലയിലാണ്. നാല് പന്തില്‍ രണ്ട് റണ്‍സുമായി രവീന്ദ്ര ജഡേജയും 36 പന്തില്‍ 41 റണ്‍സുമായി രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍.