ഇങ്ങനെ ഒരു ചോദ്യം മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐ.പി.എല്‍ കിരീടം ചൂടിയ ഇതിഹാസ താരവുമായ മാത്യു ഹെയ്ഡന്‍ ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല. വല്ലാത്തൊരു ചോദ്യവും അതിന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരാജയവുമാണ് മനസില്ലാ മനസോടെയെങ്കിലും ഉത്തരമായി നല്‍കിയത്.
ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയില്‍ നടന്ന ടോക് ഷോയിലാണ് ഹെയ്ഡന് നേരെ ഈ കുഴപ്പിക്കുന്ന ചോദ്യം വന്നത്.
എം.എസ്. ധോണിയുടെ അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടമുയര്‍ത്തുകയും എന്നാല്‍ അടുത്ത ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനോട് പരാജയപ്പെടണമോ അതോ ആഷസില്‍ ഓസ്‌ട്രേലിയ വിജയിക്കുകയും അതേസമയം, ചെന്നൈ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യണമോ എന്നായിരുന്നു ഹെയ്ഡന്‍ നേരിട്ട ചോദ്യം.
ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെടുക എന്നത് ചിന്തിക്കാന്‍ സാധിക്കില്ലെന്നും, ഓസ്‌ട്രേലിയ പരാജയപ്പെടാതിരിക്കാന്‍ താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരാജയമാണ് തെരഞ്ഞെടുക്കുന്നത് എന്നുമായിരുന്നു ഹെയ്ഡന്റെ നിലപാട്.
2025 നവംബറിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ റൈവല്‍റിയുടെ പുതിയ പതിപ്പിന് സാക്ഷ്യം വഹിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയിലെത്തും.
ആദ്യ മത്സരം: നവംബര്‍ 21 മുതല്‍ 25 വരെ – പെര്‍ത്ത് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം മത്സരം: ഡിസംബര്‍ നാല് മുതല്‍ എട്ട് വരെ – ദി ഗാബ്ബ, ബ്രിസ്‌ബെയ്ന്‍.
മൂന്നാം ടെസ്റ്റ്: ഡിസംബര്‍ 17 മുതല്‍ 21 വരെ – അഡ്‌ലെയ്ഡ് ഓവല്‍, അഡ്‌ലെയ്ഡ്.
നാലാം ടെസ്റ്റ് (ബോക്‌സിങ് ഡേ ടെസ്റ്റ്): ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, മെല്‍ബണ്‍.
അഞ്ചാം ടെസ്റ്റ്: 2026 ജനുവരി നാല് മുതല്‍ എട്ട് വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്, സിഡ്‌നി.
അതേസമയം, ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടിരുന്നു. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ പരാജയമാണ് ധോണിയും സംഘവും നേരിട്ടത്.
റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്സിന് നിശ്ചിത ഓവറില്‍ 146 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.