ഐ.പി.എല്ലില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിന്റെ സ്വന്തം തട്ടകമായ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഭിമാന ജയത്തിന് വേണ്ടിയാണ് ചെന്നൈ ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് പരാജയപ്പെട്ട് സീസണില്‍ നിന്ന് പുറത്തായതോടെ ചെന്നൈയ്ക്ക് നേരെ വലിയ ആരാധക രോഷവും ഉണ്ടായിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് രണ്ട് മത്സരങ്ങള്‍ മാത്രമാണ് ചെന്നൈക്ക് വിജയിക്കാന്‍ സാധിച്ചത്.
ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദ് പരിക്ക് മൂലം പുറത്തായതോടെ സൂപ്പര്‍ താരം എം.എസ്. ധോണി ടീമിനെ നയിക്കാന്‍ വീണ്ടും എത്തിയെങ്കിലും അത്ഭുതങ്ങളൊന്നും തന്നെ സംഭവിച്ചിരുന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മോശം പ്രകടനം കാഴ്ചവെക്കുന്നതാണ് ചെന്നൈയുടെ തുടര്‍ പരാജയങ്ങള്‍ക്ക് കാരണമായത്. ബൗളിങ്ങില്‍ ചെന്നൈക്ക് വേണ്ടി ഇത്തവണ മികവ് പുലര്‍ത്താന്‍ സാധിക്കാതെ പോയ ബൗളറാണ് ശ്രീലങ്കയുടെ മതീശ പതിരാന.
ഇത്തവണ എട്ട് മത്സരങ്ങളില്‍ നിന്ന് 298 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. മാത്രമല്ല സീസണില്‍ ഒരു മോശം റെക്കോഡും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 2025 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വൈഡ് എറിയുന്ന താരം എന്ന നാണകെട്ട റെക്കോഡാണ് പതിരാനയുടെ തലയില്‍ വീണത്.
അതേസമയം നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരു വിജയം തുടര്‍ന്ന് പോയിന്റ് ടേബിളില്‍ മുന്നേറാനാണ് ലക്ഷ്യമിടുന്നത്. 10 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെയാണ് ബെംഗളൂരു കിരീടത്തിലേക്ക് നടന്നടുക്കുന്നത്.
എല്ലാ സീസണിലും മികച്ച ടീം സ്വന്തമാക്കിയിട്ടും കിരീടത്തിലേക്ക് എത്താന്‍ ബെംഗളൂരുവിനോ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കോ സാധിച്ചരുന്നില്ല. ഇത്തവണ രജത് പാടിദാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു കിരീടം സ്വന്തമാക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
Content Highlight: IPL 2025: Matheesha Pathirana In Unwanted Record Achievement In 2025 IPL