ലഖ്‌നൗവിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ആവേശ് ഖാനാണ്. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി നിര്‍ണായകമായ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. അവസാന ഓവറിലെ മാച്ച് വിന്നിങ് ബൗളിങ്ങില്‍ കളിയിലെ താരമാകാനും ആവേശിന് സാധിച്ചു. ബാറ്റിങ്ങില്‍ എയ്ഡന്‍ മാര്‍ക്രം 45 പന്തില്‍ 66 റണ്‍സും ആയുഷ് ബധോണി 34 പന്തില്‍ 50 റണ്‍സും അബ്ദുള്‍ സമദ് 10 പന്തില്‍ 30* റണ്‍സും നേടി മിന്നും പ്രകടനമാണ് നടത്തിയത്.
എന്നാല്‍ ആരാധകരെ വീണ്ടും നിരാശയിലാക്കിയാണ് ലഖ്‌നൗ ക്യാപ്റ്റന്‍ റിഷബ് പന്ത് ബാറ്റ് വീശിയത്. ഒമ്പത് പന്ത് നേരിട്ട് മൂന്ന് റണ്‍സ് മാത്രം നേടിയാണ് പന്ത് പുറത്തായത്. വാനിന്ദു ഹസരങ്കയുടെ പന്തില്‍ പതിവ് ശൈലിയുള്ള സ്വീപ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന്റെ കൈകളിലൊതുങ്ങുകയായിരുന്നു.
ഇപ്പോള്‍ പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. പന്തിന് കഴിവുണ്ട് എന്നാല്‍ ഉടന്‍ തന്നെ സ്വീപ് ഷോട്ട് കളിക്കേണ്ടിയിരുന്നില്ലെന്നാണ് താരം പറഞ്ഞത്. മാത്രമല്ല പന്ത് നേരിട്ട് കളിച്ചിരുന്നെങ്കില്‍ താരത്തിന് റണ്‍സ് നേടാമായിരുന്നെന്നും ഇത്തരത്തിലുള്ള പ്രകടനം കാരണമാണ് ബോര്‍ഡര്‍ ഗവാസ്‌കറില്‍ സുനില്‍ ഗവാസ്‌കര്‍ പന്തിനെ വിമര്‍ശിച്ചതെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
‘റിഷബ് പന്ത് മികച്ച കഴിവുകളുള്ള കളിക്കാരനാണ്. എന്നാല്‍ ഉടന്‍ തന്നെ പോയി റിവേഴ്‌സ് സ്വീപ് കളിക്കേണ്ട ആവശ്യമില്ല. എന്നിട്ടും അദ്ദേഹം അത് ചെയ്യുന്നു. അതുകൊണ്ടാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടെ സുനില്‍ ഗവാസ്‌കര്‍ അസ്വസ്ഥനായത്. നേരിട്ടുളള ബാറ്റ് ക്രിക്കറ്റില്‍ റണ്‍സ് നേടാന്‍ പന്തിന് വളരെയധികം കഴിവുണ്ടെന്ന് അദ്ദേഹത്തിന് പോലുമറിയാം. അപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അത് ചെയ്യാത്തത്. എന്തുക്കൊണ്ടാണ് അദ്ദേഹം ഇത്തരമൊരു രീതി തെരഞ്ഞെടുക്കുന്നത്,’ മനോജ് തിവാരി പറഞ്ഞു.
ഈ സീസണില്‍ പന്തിന്റെ നാലാം സിംഗിള്‍ ഡിജിറ്റ് സ്‌കോറാണിത്. കഴിഞ്ഞ മത്സരത്തില്‍ നേടിയ അര്‍ധ സെഞ്ച്വറിയൊഴിച്ചാല്‍ റിഷബ് പന്തിന് ഈ സീസണില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ അര്‍ധ സെഞ്ച്വറിയാകട്ടെ മികച്ച സ്ട്രൈക്ക് റേറ്റിലുള്ളതുമായിരുന്നില്ല.
0 (6), 15 (15), 2, (5), 2 (6), 21 (18), 63 (49), 3 (9) എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം. ഇതുവരെ 108 പന്ത് നേരിട്ട താരം 106 റണ്‍സാണ് നേടിയത്. 17.77 ശരാശരിയും 98.14 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.