ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 26 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
Back to form 🔢
Back making an impact 👊
Rohit Sharma wins the Player of the Match award for his match-winning knock 🔥
മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന്റെ കാരണത്തെക്കുറിച്ച് ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോണി സംസാരിച്ചിരുന്നു. ടീം കളിയില്‍ മോശം പ്രകടനമാണ് കാഴ്‌വെച്ചതെന്നും ഡെത്ത് ഓവറില്‍ ബുംറ തങ്ങളെ റണ്‍സ് നേടാന്‍ അനുവധിച്ചില്ലെന്നും ധോണി പറഞ്ഞു. മാത്രമല്ല ബൗളിങ്ങിന്റെ സമയം പവര്‍പ്ലേയില്‍ ടീം അധികം റണ്‍സ് വിട്ടുകൊടുത്തെന്നും ധോണി പറഞ്ഞു.
‘കളിയില്‍ ഞങ്ങള്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. മഞ്ഞു വീഴുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു, അതിനാല്‍ കുറച്ച് അധിക റണ്‍സ് കൂടി ആവശ്യമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ബൗളറാണ് ജസ്പ്രീത് ബുംറ, അദ്ദേഹം ഞങ്ങളെ റണ്‍സ് നേടാന്‍ അനുവദിച്ചില്ല.
ഇത്തരത്തിലുള്ള വിക്കറ്റില്‍ 175 റണ്‍സ് ഒരിക്കലും തുല്യ സ്‌കോര്‍ ആകാന്‍ പോകുന്നില്ല, അതിനാല്‍ ഞങ്ങള്‍ നേരത്തെ തന്നെ ഷോട്ടുകള്‍ അടിക്കേണ്ടതായിരുന്നു. മാത്രമല്ല ആദ്യ ആറ് ഓവറുകളില്‍ ഞങ്ങള്‍ വളരെയധികം റണ്‍സ് വിട്ടുകൊടുത്തു.
ഞങ്ങള്‍ ശരിയായ ബ്രാന്‍ഡ് ക്രിക്കറ്റ് കളിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നമ്മള്‍ എല്ലാ പോരായ്മകളും പരിഹരിക്കേണ്ടതുണ്ട്. പ്ലേ ഓഫിലേക്ക് യോഗ്യത നേടിയില്ലെങ്കില്‍, അടുത്ത സീസണിലേക്ക് സുരക്ഷിതമായ പ്ലെയിങ് ഇലവന്‍ ഉണ്ടാവണം,’ ധോണി മത്സര ശേഷം പറഞ്ഞു.
ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങില്‍ 35 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്ന് രവീന്ദ്ര ജഡേജയും 32 പന്തില്‍ 50 റണ്‍സ് നേടിയ ശിവം ദുബെയും മാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ആയുഷ് മാഹ്‌ത്രെ 32 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ ധോണി ആറ് പന്തില്‍ നാല് റണ്‍സിനാണ് പുറത്തായത്. മറ്റാര്‍ക്കും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചില്ല.
മുംബൈയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആരാധകര്‍ ആഗ്രഹിച്ച സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് രോഹിത്തും സൂര്യകുമാര്‍ യാദവും വാംഖഡെയില്‍ താണ്ഡവമാടിയത്. മുംബൈയ്ക്കായി രോഹിത് 45 പന്തില്‍ പുറത്താകാതെ ആറ് സിക്സും നാല് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് അടിച്ചെടുത്തത്.
30 പന്തില്‍ പുറത്താകാതെ അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് തന്നെയാണ് ഇരു താരങ്ങളും കാഴ്ചവെച്ചത്. മാത്രമല്ല മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും ഹിറ്റ്മാന് സാധിച്ചിരുന്നു.
തോല്‍വിക്ക് പിന്നാലെ ചെന്നൈ എട്ട് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് വിജയവുമായി 10ാം സ്ഥാനത്താണ്. അതേസമയം മുംബൈ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഏപ്രില്‍ 23നാണ് മുംബൈയുടെ അടുത്ത മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലാണ് വേദി.
Content Highlight: IPL 2025: M.S Dhoni Talking About Lose Against Mumbai Indians