ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലെന്താ, 'തല' തൂക്കിയത് സെഞ്ച്വറി റെക്കോഡ്!
2025 IPL
ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലെന്താ, 'തല' തൂക്കിയത് സെഞ്ച്വറി റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th May 2025, 8:05 am

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് പന്ത് അവശേഷിക്കെ രണ്ട് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. ഇതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.

ആവേശം നിറഞ്ഞ മത്സരത്തിലെ ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ചെന്നൈക്ക് വിജയം നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു ചെന്നൈ.

മറുപടി ബാറ്റിങ്ങിലെ പവര്‍ പ്ലേയില്‍ 62 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്ന ചെന്നൈയെ താങ്ങി നിര്‍ത്തിയത് മധ്യനിരയാണ്. ഇംപാക്ട് ആയി ഇറങ്ങിയ ശിവം ദുബെയും ധോണിയും തമ്മിലുള്ള കൂട്ടുകെട്ട് ടീമിനെ വിജയത്തില്‍ എത്തിക്കുമെന്ന് കരുതിയെങ്കിലും 40 പന്തില്‍ മൂന്ന് സിക്സറും രണ്ട് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടി ശിവം മടങ്ങി.

വൈഭവ് അറോറയായിരുന്നു താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. അവസാനഘട്ടത്തില്‍ എം.എസ്. ധോണിയുടെ ചെറുത്തുനില്‍പ്പും അന്‍ഷുല്‍ കാംബോജിന്റെ ബൗണ്ടറി നേടിയുള്ള ഫിനിഷിങ്ങും ചെന്നൈയെ സീസണിലെ മൂന്നാം വിജയത്തില്‍ എത്തിച്ചു. ധോണി 18 പന്തില്‍ 17 റണ്‍സായിരുന്നു നേടിയത്.

അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ചെന്നൈക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിനെത്തിയ ആന്ദ്രെ റസലിനെ ആദ്യ പന്തില്‍ സിക്‌സര്‍ പറത്തി ‘തല’ ധോണി ടീമിനെ ഫിനിഷിങ് ലൈനിലേക്ക് എത്തിച്ചു. എന്നാല്‍ പിന്നാലെ ഡോട്ട് ബോള്‍ വന്ന് ധോണി സിംഗള്‍ എടുക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ ഗ്യാലറി ഒരു പക്ഷെ ഒരു നിമിഷം നിശബ്ദമായിട്ടുണ്ടാകും. വിജയിക്കാന്‍ ഒരു റണ്‍സ് അകലെ ധോണിയുടെ ഫിനിഷിങ് ആഗ്രഹിച്ച ആരാധകര്‍ക്ക് മുന്നില്‍ സ്‌ട്രൈക്ക് ചെയ്തത് അന്‍ഷുല്‍ കാംബോജായിരുന്നു.

ബൗണ്ടറി പറത്തി ഫോര്‍ നേടി മൂന്നാം വിജയം രുചിച്ചപ്പോള്‍ ധോണി ആരാധര്‍ക്ക് ആശ്വസിക്കാന്‍ ഒരു മിന്നും റെക്കോഡും ധോണി കരുതിവെച്ചിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ നോട്ട് ഔട്ട് നേട്ടം സ്വന്തമാക്കാനാണ് ധോണിക്ക് സാധിച്ചത്. 100 തവണയാണ് ധോണി ഐ.പി.എല്ലില്‍ നോട്ട് ഔട്ട് ആവുന്നത്.

ഇതിനെല്ലാം പുറമെ മറ്റൊരു റെക്കോഡും ധോണി നേടിയിരുന്നു. ഐ.പി.എല്ലില്‍ ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ 200 പുറത്താക്കല്‍ നേടുന്ന ആദ്യ താരമാകാനാണ് ധോണിക്ക് സാധിച്ചത്. മത്സരത്തില്‍ അംഗ്കൃഷ് രഘുവംശിയുടെ ക്യാച്ച് കയ്യിലൊതുക്കിയാണ് ധോണി ഈ ചരിത്ര നേട്ടത്തില്‍ എത്തിയത്. 47 സ്റ്റംപിങ്ങും 153 ക്യാച്ചുകളും ആണ് ധോണി സ്വന്തം പേരില്‍ കുറിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ 150 ക്യാച്ചുകള്‍ നേടുന്ന ഏക വിക്കറ്റ് കീപ്പറും ധോണിയാണ്.

Content Highlight: IPL 2025: M.S Dhoni In Great Record Achievement In IPL History