ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരം ന
ടന്നുകൊണ്ടിരിക്കുകയാണ്. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 20 ഓവര്‍പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. ലഖ്‌നൗവിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ റിഷബ് പന്താണ്. 49 പന്തില്‍ നിന്ന് നാല് സിക്‌സും ഫോറും ഉള്‍പ്പെടെ 63 റണ്‍സാണ് താരം നേടിയത്. സീസണില്‍ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി രേഖപ്പെടുത്താനും പന്തിന് സാധിച്ചു.
25 പന്തില്‍ രണ്ട് സിക്‌സും ഫോറും വീതം നേടി മിച്ചല്‍ മാര്‍ഷും സ്‌കോര്‍ ഉയര്‍ത്തി. മറ്റുള്ളവര്‍ക്ക് ബാറ്റില്‍ നിന്ന് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.
ചെന്നൈക്ക് വേണ്ടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയാണ്. പന്തിന്റെ കീപ്പര്‍ ക്യാച്ചും ആയുഷ് ബധോണിയുടെ സ്റ്റ്ംപ്ഡ് വിക്കറ്റും അബ്ദുള്‍ സമദിന്റെ റണ്‍ റൗട്ടിലും ഈ 43കാരന്‍ തന്റെ കൈമുദ്ര പതിപ്പിച്ചു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ധോണിക്ക് സാധിച്ചു. ഐ.പി.എല്ലില്‍ 200 പുറത്താക്കലുകള്‍ സ്വന്തമാക്കാനാണ് ധോണിക്ക് സാധിച്ചത്. മാത്രമല്ല ഇതിന് പുറമെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഫീല്‍ഡിങ് ഡിസ്മിസ്സലുകള്‍ നേടാനും ധോണിക്ക് കഴിഞ്ഞു.
ബൗളിങ്ങില്‍ ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് നൂര്‍ അഹമ്മദാണ് വിക്കറ്റൊന്നും എടുക്കാന്‍ സാധിച്ചില്ലെങ്കിലും നാല് ഓവര്‍ എറിഞ്ഞ് വെറും 13 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 3.25 എന്ന മിന്നും എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. താരത്തിന് പുറമെ രവീന്ദ്ര ജഡേജ മൂന്ന് ഓവറില്‍ നിന്ന് 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും മതീശ പതിരാന രണ്ട് വിക്കറ്റും ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.