മാര്‍ഷിന്റെ അടിയും റൂര്‍കിന്റെ വെടിയും; മോദി സ്‌റ്റേഡിയത്തില്‍ ഗുജറാത്തിന് ചരമഗീതം പാടി സൂപ്പര്‍ ജയന്റ്‌സ്
IPL
മാര്‍ഷിന്റെ അടിയും റൂര്‍കിന്റെ വെടിയും; മോദി സ്‌റ്റേഡിയത്തില്‍ ഗുജറാത്തിന് ചരമഗീതം പാടി സൂപ്പര്‍ ജയന്റ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd May 2025, 11:50 pm

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 33 റണ്‍സിന്റെ വിജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് സൂപ്പര്‍ ജയന്റ്‌സ് മികച്ച വിജയം സ്വന്തമാക്കിയത്.

സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറിയുടെയും സൂപ്പര്‍ പേസര്‍ വില്‍ ഒ റൂര്‍ക്കിന്റെ മികച്ച ബൗളിങ് പ്രകടനത്തിന്റെയും കരുത്തിലാണ് സൂപ്പര്‍ ജയന്റ്‌സ് വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

പതിവുപോലെ ഏയ്ഡന്‍ മര്‍ക്രം – മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ട് ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും ഇന്നിങ്‌സിന് അടിത്തറയിട്ടു.

മികച്ച രീതിയില്‍ ബാറ്റിങ് തുടരവെ ഏയ്ഡന്‍ മര്‍ക്രമിനെ മടക്കി സായ് കിഷോര്‍ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തില്‍ 36 റണ്‍സാണ് മര്‍ക്രം അടിച്ചെടുത്തത്.

വണ്‍ ഡൗണായി നിക്കോളാസ് പൂരനെത്തിയതോടെ ലഖ്‌നൗ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. 111 റണ്‍സിന്റെ കൂട്ടുകെട്ടുമായി മാര്‍ഷ് – പൂരന്‍ ഡൈനാമിക് ഡുവോ തിളങ്ങി.

ടീം സ്‌കോര്‍ 212ല്‍ നില്‍ക്കവെ മാര്‍ഷിനെ മടക്കി അര്‍ഷദ് ഖാനാണ് ടൈറ്റന്‍സിന് ജീവവായു നല്‍കിയത്. 64 പന്ത് നേരിട്ട് 117 റണ്‍സ് നേടിയാണ് മാര്‍ഷ് പുറത്തായത്. പത്ത് ഫോറും ആകാശം തൊട്ട എട്ട് സിക്‌സറുമടക്കം 182.81 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

ഐ.പി.എല്ലില്‍ മിച്ചല്‍ മാര്‍ഷിന്റെ ആദ്യ സെഞ്ച്വറിയാണിത്. ടി-20 ഫോര്‍മാറ്റിലെ രണ്ടാം സെഞ്ച്വറിയും. നേരത്തെ ബിഗ് ബാഷ് ലീഗിലാണ് താരം സെഞ്ച്വറി നേടിയത്. 2021ല്‍ പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനായി ഹൊബാര്‍ട്ട് ഹറികെയ്ന്‍സിനെതിരെയായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

അര്‍ധ സെഞ്ച്വറിയുമായി നിക്കോളാസ് പൂരനും മികച്ച പ്രകടനം പുറത്തെടുത്തു. 27 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 56 റണ്‍സാണ് താരം അടിച്ചെടുത്തത്. 207.67 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. റിഷബ് പന്ത് ആറ് പന്തില്‍ 16 റണ്‍സും നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍ ജയന്റ്‌സ് 235ലെത്തി.

ടൈറ്റന്‍സിനായി രവിശ്രീനിവാസന്‍ സായ് കിഷോറും അര്‍ഷദ് ഖാനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് സായ്-ഗില്‍ സഖ്യം മോശമല്ലാത്ത തുടക്കം നല്‍കി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി സീസണിലെ ഏറ്റവും മികച്ച ടോപ് ഓര്‍ഡറിനെ സൂപ്പര്‍ ജയന്റ്‌സ് തളച്ചിട്ടു.

സായ് സുദര്‍ശന്‍ 16 പന്തില്‍ 21 റണ്‍സിനും ഗില്‍ 20 പന്തില്‍ 35 റണ്‍സിനും പുറത്തായി. 18 പന്തില്‍ 33 റണ്‍സായിരുന്നു ബട്‌ലറിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി ഷാരൂഖ് ഖാനും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡും ടീമിന്റെ പ്രതീക്ഷകള്‍ കെടാതെ കാത്തു. 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്.

എന്നാല്‍ 17ാം ഓവറിലെ ആദ്യ പന്തില്‍ റൂഥര്‍ഫോര്‍ഡിനെ മടക്കി വില്‍ ഒ റൂര്‍ക് ടീമിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 22 പന്തില്‍ 38 റണ്‍സാണ് വിന്‍ഡീസ് സൂപ്പര്‍ താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ രാഹുല്‍ തെവാട്ടിയയും അര്‍ഷദ് ഖാനും വന്നതുപോലെ തിരിച്ചുനടന്നു. തെവാട്ടിയ മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്തപ്പോള്‍ മൂന്ന് പന്തില്‍ ഒരു റണ്ണാണ് അര്‍ഷദ് ഖാന് നേടാനായത്.

വിജയത്തിന് 39 റണ്‍സ് അകലെ നില്‍ക്കവെ അവസാന പ്രതീക്ഷയായ ഷാരൂഖ് ഖാനും തിരിച്ചുനടന്നു. 29 പന്തില്‍ 57 റണ്‍സ് നേടിയാണ് താരം പുറത്തായത്. ആവേശ് ഖാന്റെ പന്തില്‍ രവി ബിഷ്‌ണോയിക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

അവസാന ഓവറില്‍ ആയുഷ് ബദോണി രണ്ട് വിക്കറ്റും വീഴ്ത്തിയതോടെ ടൈറ്റന്‍സിന്റെ പോരാട്ടം 202ല്‍ അവസാനിച്ചു.

സൂപ്പര്‍ ജയന്റ്‌സിനായി വില്‍ ഒ റൂര്‍ക് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആയുഷ് ബദോണിയും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ആകാശ് സിങ്ങാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

 

 

Content highlight: IPL 2025: Lucknow Super Giants defeated Gujarat Titans