പന്ത് എന്തിലൂടെയാണ് കടന്നുപോയതെന്ന് നിങ്ങള്‍ക്ക് അറിയില്ല; അഭിപ്രായവുമായി ലഖ്നൗ പരിശീലകന്‍
IPL
പന്ത് എന്തിലൂടെയാണ് കടന്നുപോയതെന്ന് നിങ്ങള്‍ക്ക് അറിയില്ല; അഭിപ്രായവുമായി ലഖ്നൗ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd May 2025, 3:36 pm

ഐ.പി.എല്ലില്‍ ഏറെ നിരാശപ്പെടുത്തിയ താരങ്ങളില്‍ ഒരാളാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷബ്  പന്ത്. മെഗാ ലേലത്തിലൂടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് താരത്തെ ലഖ്നൗ ടീമിലെത്തിച്ചത്. 27 കോടി രൂപയുടെ ടാഗുമായി എത്തിയ താരം പഴയ പന്തിന്റെ നിഴല്‍ രൂപം മാത്രമായി ഒതുങ്ങി.

പതിനെട്ടാം സീസണില്‍ പല സ്ഥാനങ്ങളില്‍ ബാറ്റിങ്ങിന്  ഇറങ്ങി വളരെ വേഗം ചെറിയ സ്‌കോറുകള്‍ക്ക് കൂടാരം കയറുന്ന പന്തിനെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിച്ചത്. മോശം പ്രകടനത്തോടെ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ താരത്തിനെ കുറിച്ച് സംസാരിക്കുകയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ നിന്നാണ് ഒരാളുടെ യഥാര്‍ത്ഥ സ്വഭാവം നമുക്ക് മനസിലാക്കാനാവുക എന്നും  ദുഷ്‌കരമായ സമയങ്ങളിലും റിഷബ് പന്ത് കരുത്തനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പന്ത് എന്തിലൂടെയാണ് കടന്നുപോയതെന്ന്  നിങ്ങള്‍ക്ക് അറിയില്ലെന്നും അത് അവന്‍ എത്ര ശക്തനാണെന്നതിന്റെ അടയാളമാണെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

‘വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ നിന്നാണ് ഒരാളുടെ യഥാര്‍ത്ഥ സ്വഭാവം നമുക്ക് മനസിലാക്കാനാവുക.   ദുഷ്‌കരമായ സമയങ്ങളിലും റിഷബ് പന്ത് കരുത്തനായിരുന്നു. എനിക്ക് അവനോട് വളരെയധികം ആരാധനയുണ്ട്.

സമീപ വര്‍ഷങ്ങളില്‍ പന്ത് നേരിട്ട ബുദ്ധിമുട്ടുകള്‍ നമുക്കെല്ലാവര്‍ക്കും അറിയാം. നന്നായി കളിക്കാനും ടീമിനായി തന്റെ പരമാവധി നല്‍കാനും അവന്‍ ആഗ്രഹിക്കുന്നു. പന്ത് ഞങ്ങളുടെ പ്രധാന താരം.  അവന്‍ എന്തിലൂടെയാണ് കടന്നുപോയതെന്ന്  നിങ്ങള്‍ക്ക് അറിയില്ല. അത് അവന്‍ എത്ര ശക്തനാണെന്നതിന്റെ അടയാളമാണ്,’ ലാംഗര്‍ പറഞ്ഞു.

പതിനെട്ടാം സീസണില്‍ പന്ത് 13 മത്സരങ്ങളില്‍ നിന്ന് 151 റണ്‍സ് മാത്രമാണ് നേടിയത്. 13.73 ശരാശരിയിലും 107.09 പ്രഹര ശേഷിയിലും ബാറ്റ് ചെയ്ത ലഖ്നൗ നായകന്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയത്.

Content Highlight: IPL 2025: Lucknow Super Giants coach Justin Langar talks about Rishabh Pant