പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരിയ തോതിലെങ്കിലും നിലനിര്‍ത്താന്‍ വിജയപ്രതീക്ഷയുമായാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 12ാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഹോം ഗ്രൗണ്ടായ എകാനയില്‍ നടക്കുന്ന മത്സരത്തില്‍ ഇതിനോടകം തന്നെ പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ഏയ്ഡന്‍ മര്‍ക്രവും സൂപ്പര്‍ ജയന്റ്‌സിന് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
39 പന്തില്‍ 65 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി ഹര്‍ഷ് ദുബെയാണ് ഓറഞ്ച് ആര്‍മിക്ക് ആവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. ഒരു മികച്ച ക്യാച്ചിലൂടെ ഇഷാന്‍ കിഷന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരത്തെ മടക്കി.
പിന്നാലെയെത്തിയ റിഷബ് പന്ത് വീണ്ടും നിരാശപ്പെടുത്തി. ആറ് പന്തില്‍ ഏഴ് റണ്‍സുമായി താരം മടങ്ങി. ഒറ്റ ഫോര്‍ മാത്രമാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്. ഒരു മികച്ച റിട്ടേണ്‍ ക്യാച്ചിലൂടെ ലഖ്‌നൗ നായകനെ മടക്കിയത്.
ഇതോടെ ഒരു മോശം റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്കും റിഷബ് പന്ത് കാലെടുത്തുവെച്ചു. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്താകുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ മൂന്നാമനായാണ് പന്ത് ഇടം നേടിയിരിക്കുന്നത്.