പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരിയ തോതിലെങ്കിലും നിലനിര്‍ത്താന്‍ വിജയപ്രതീക്ഷയുമായാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 12ാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഹോം ഗ്രൗണ്ടായ എകാനയില്‍ നടക്കുന്ന മത്സരത്തില്‍ ഇതിനോടകം തന്നെ പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് ഹോം ടീം സ്വന്തമാക്കിയത്. മിച്ചല്‍ മാര്‍ഷിന്റെയും ഏയ്ഡന്‍ മര്‍ക്രമിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് സൂപ്പര്‍ ജയന്റ്‌സ് മികച്ച സ്‌കോറിലെത്തിയത്.
മത്സരത്തില്‍ സൂപ്പര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ ഐ.പി.എല്‍ കരിയറില്‍ 150ാം വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന 13ാം താരം, ഒമ്പതാം ഇന്ത്യന്‍ താരം എന്നീ നേട്ടങ്ങളും ഇതോടൊപ്പം താരം തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു.
പന്തെറിഞ്ഞ 114ാം ഇന്നിങ്‌സിലാണ് പട്ടേല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 149 വിക്കറ്റുകളാണ് ഈ മത്സരത്തിന് മുമ്പ് താരത്തിന്റെ പേരിലുണ്ടായിരുന്നത്. ഒറ്റ വിക്കറ്റ് സ്വന്തമാക്കിയാല്‍ പട്ടേലിന് 150 വിക്കറ്റെന്ന കരിയര്‍ മൈല്‍സ്റ്റോണിലെത്താമെന്നിരിക്കെ സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിനെ ക്ലീന്‍ ബൗള്‍ഡാക്കി പട്ടേല്‍ റെക്കോഡ് സ്വന്തമാക്കുകയായിരുന്നു.
Master of 𝘴𝘭𝘰𝘸 deliveries 🤝 𝘍𝘢𝘴𝘵𝘦𝘴𝘵 to reach 150 #TATAIPL wickets 🤩
ഇതിനൊപ്പം മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 150 ഐ.പി.എല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് പട്ടേല്‍ നേടിയത്.
എന്നാല്‍ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. നാല് ഓവറില്‍ 49 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
അതേസമയം, ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം പുറത്തായ സണ്‍റൈസേഴ്‌സിന് അപമാനഭാരമില്ലാതെ സീസണ്‍ അവസാനിപ്പിക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചേ മതിയാകൂ. ഈ ലക്ഷ്യം മുമ്പില്‍ കണ്ടുകൊണ്ടാകും ഓറഞ്ച് ആര്‍മി ലഖ്‌നൗവിനെതിരെ ബാറ്റിങ്ങിനിറങ്ങുക.