നോട്ടുബുക്ക് സെലിബ്രേഷനില്‍ കൊമ്പ് കോര്‍ത്ത് അഭിഷേകും ദിഗ്‌വേശും; 'പണി' കൊടുത്ത് ബി.സി.സി.ഐ
IPL
നോട്ടുബുക്ക് സെലിബ്രേഷനില്‍ കൊമ്പ് കോര്‍ത്ത് അഭിഷേകും ദിഗ്‌വേശും; 'പണി' കൊടുത്ത് ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th May 2025, 12:33 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് പന്തും കൂട്ടരും വഴങ്ങിയത്.

ഓപ്പണിങ് ഇറങ്ങിയ മിച്ചല്‍ മാര്‍ഷിന്റെയും എയ്ഡന്‍ മാര്‍ക്രമിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം 10 പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു. ഈ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേ ഓഫ് മോഹങ്ങളും അവസാനിച്ചു.

മത്സരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഹൈദരാബാദ് ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റും തുടര്‍ന്ന് നടന്ന നാടകീയ രംഗങ്ങളുമാണ്. ലഖ്നൗവിന്റെ ഏഴാം ഓവറിനെത്തിയ ദിഗ്വേശ് സിങ്ങിന്റെ മൂന്നാം പന്തില്‍ അഭിഷേക് പുറത്തായിരുന്നു. അഭിഷേകിനെ ശര്‍ദുല്‍ താക്കൂറിന്റെ കയ്യിലെത്തിച്ചതിന് പിന്നാലെ ദിഗ്‌വേശ് തന്റെ സിഗ്നേച്ചര്‍ സെലിബ്രേഷന്‍ പുറത്തെടുത്തു.

പിന്നീട് ദിഗ്‌വേശ് നടത്തിയ നോട്ട് ബുക്ക് സെലിബ്രേഷനില്‍ രോഷാകുലനായ അഭിഷേകിനേയും ഇതിനെ ചൊല്ലി ഗ്രൗണ്ടില്‍ കൊമ്പുകോര്‍ക്കുന്ന ഇരുവരെയുമാണ് ആരാധകര്‍ കണ്ടത്. എന്നാല്‍ മത്സരശേഷം ഇരുവരും പരസ്പരം കൈ കൊടുത്ത് ഒന്നിക്കുന്ന ദൃശ്യങ്ങളും കണ്ടിരുന്നു.

ഇപ്പോള്‍ ഇരുവര്‍ക്കുമെതിരെ ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടിയെടുത്തിരിക്കുകയാണ് ബി.സി.സി.ഐ. ദിഗ്വേശിന് മാച്ച് ഫീയുടെ 50 ശതമാനം ഫൈനും രണ്ട് ഡീ മെറിറ്റ് പോയിന്റുമാണ് ലഭിച്ചത്. ഇതോടെ താരത്തിന് മെയ് 22ന് നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മത്സരം നഷ്ടമാകും.

ഇത് മൂന്നാം തവണയാണ് ബി.സി.സി.ഐ ദിഗ്‌വേശിന് ലെവല്‍ ഒന്ന് കുറ്റകൃത്യത്തിന്റെ പേരില്‍ ശിക്ഷിക്കുന്നത്. നേരത്തെ പഞ്ചാബ് കിങ്‌സിനെതിരെയും മുംബൈ ഇന്ത്യന്‍സിനെതിരെയും നടത്തിയ ഇതേ സെലിബ്രേഷന്‍ നടത്തിയതിന്റെ പേരില്‍ ഫൈന്‍ ലഭിക്കുകയും മൂന്ന് ഡീ മെറിറ്റ് പോയിന്റ് നേടുകയും ചെയ്തിരുന്നു. ആകെ അഞ്ച് ഡീ മെറിറ്റ് പോയിന്റായതോടെയാണ് ഒരു മത്സരത്തിലെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.

വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട ഹൈദരാബാദ് ബാറ്റര്‍ അഭിഷേകിനും ഫൈന്‍ ലഭിച്ചിട്ടുണ്ട്. മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീ മെറിറ്റ് പോയിന്റുമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.

Content  Highlight: IPL 2025: LSG vs SRH: Digvesh Rathi faces one-match ban for his on-field altercation with Abhishek Sharma