ഐ.പി.എല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുത്തിരുന്നു. സ്വന്തം തട്ടകമായ എകാന സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ലഖ്നൗ വഴങ്ങിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം ലക്ഷ്യം പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ സൂപ്പര്‍ ജയന്റ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
സീസണില്‍ മോശം ഫോമില്‍ തുടരുന്ന ലഖ്നൗ നായകന്‍ റിഷബ് പന്ത് ഹൈദരാബാദിനെതിരെയും നിരാശപ്പെടുത്തി. ആറ് പന്തില്‍ റണ്‍സ് മാത്രമാണ് താരത്തിന്റെ മത്സരത്തിലെ സമ്പാദ്യം.
മത്സരശേഷം റിഷാബ് പന്തിനെയും താരത്തിന്റെ മോശം ഫോമിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ സംസാരിച്ചിരുന്നു. ബാറ്റിങ് ശൈലിയാണ് റിഷബ് പന്തിനെ വ്യത്യസ്തനാക്കുന്നതെന്നും അവന്‍ ബാറ്റ് ചെയ്യുന്ന രീതി മാറ്റേണ്ടതില്ലെന്നും ജഡേജ പറഞ്ഞു.
ബാറ്റിങ്ങിനോടുള്ള അവന്റെ സമീപനമായിരുന്നു പന്തിനെ മാച്ച് വിന്നറാക്കി മാറ്റിയതെന്നും അവന്‍ അത് തന്നെ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അജയ് ജഡേജ.
‘റിഷബ് പന്തിന്റെ ബാറ്റിങ് ശൈലിയാണ് അവനെ വ്യത്യസ്തനാക്കുന്നത്. ഞാന്‍ അവന്റെ വലിയ ആരാധകനാണ്. ഒരു നല്ല ഐ.പി.എല്‍ സീസണിന് ശേഷം അവന്‍ ബാറ്റ് ചെയ്യുന്ന രീതി മാറ്റേണ്ടതില്ല. അല്ലെങ്കില്‍ അവനെ പോലെ 1500 കളിക്കാരുണ്ടാകും. ബാറ്റിങ്ങിനോടുള്ള അവന്റെ സമീപനമായിരുന്നു അവനെ മാച്ച് വിന്നറാക്കി മാറ്റിയത്. അവന്‍ അത് തന്നെ തുടരണം,’ ജഡേജ പറഞ്ഞു.
പന്ത് തുടര്‍ച്ചയായി പരിചയപ്പെടുന്നതിനെ കുറിച്ചും ജഡേജ സംസാരിച്ചു. പന്ത് തുടര്‍ച്ചയായി പരാജയപ്പെടുന്നത് സമ്മര്‍ദം മൂലമാണ് എന്നത് താന്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പന്തിന്റെ പരാജയം ഒരു ദുരൂഹതയാണെന്നും അവന്‍ തിരിച്ച് വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ഓപ്പണറായി പന്ത് കളിക്കാന്‍ എത്തിയിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ എന്നും താരം കൂട്ടിച്ചേര്‍ത്തു.
‘പന്ത് തുടര്‍ച്ചയായി പരാജയപ്പെടുന്നത് സമ്മര്‍ദം മൂലമാണ് എന്നത് ഞാന്‍ അംഗീകരിക്കില്ല. ഇത് ആദ്യ ഐ.പി.എല്‍ സീസണ്‍ കളിക്കുന്ന ഒരു താരത്തെ കുറിച്ചാണ് പറഞ്ഞിരുന്നെങ്കില്‍ ഞാനത് രണ്ട് കൈയും നീട്ടി സ്വീകരിച്ചേനെ. അവന്‍ ഒരുപാട് കാലമായി ടൂര്‍ണമെന്റിന്റെ ഭാഗമാണ്. ടീമുകളെ നയിച്ചിട്ടുമുണ്ട്.
പന്തിന്റെ പരാജയം ഒരു ദുരൂഹതയാണ്. എനിക്ക് അതിന്റെ കാരണം കണ്ടെത്താനാവുന്നില്ല. എന്നാലും ഭാവിയില്‍ ഇതുപോലെ ഒരു മോശം സീസണ്‍ അവന് ഉണ്ടാകാന്‍ പാടില്ല. അവന്‍ തിരിച്ച് വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ചില മത്സരങ്ങളില്‍ അവന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ എത്തിയില്ല. കുറച്ച് മത്സരങ്ങളില്‍ പരാജപെട്ടതോടെ അവന്‍ ഒരു ചിന്തിക്കുന്നതായി തോന്നി. ഓപ്പണറായി പന്ത് കളിക്കാന്‍ എത്തിയിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ,’ ജഡേജ പറഞ്ഞു.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് റിഷാബിനെ ടീമില്‍ എത്തിച്ചത്. 27 കോടിയുടെ രൂപയുടെ ടാഗുമായെത്തിയ താരം പക്ഷെ സീസണില്‍ വന്‍ പരാജയമായിരുന്നു.
പതിനെട്ടാം സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 135 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. ഈ സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമുള്ള താരത്തിന് 12.27 ശരാശരിയും 100 സ്‌ട്രൈക്ക് റേറ്റുമാണുള്ളത്.
Content Highlight: IPL 2025: LSG vs SRH: Ajay Jadeja talks about Lucknow Super Giants’ skipper Rishabh Pant