മത്സര ശേഷം പരാജയത്തെക്കുറിച്ച് സഞ്ജു സാംസണിന്റെ അഭാവത്തില്‍ രാജസ്ഥാന്റെ ക്യാപ്റ്റനായ റിയാന്‍ പരാഗ് സംസാരിച്ചിരുന്നു. പരാജയം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണെന്നും അവസാന രണ്ട് ഓവറില്‍ തങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പാക്കേണ്ടതായിരുന്നെന്നും താരം പറഞ്ഞു. മാത്രമല്ല രാജസ്ഥാന് വേണ്ടി അവസാന ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മ 20 റണ്‍സിന് മുകളിലാണ് വിട്ടുനല്‍കിയത്. പരാജയത്തില്‍ എക്‌സപന്‍സീവ് ഓവറും കാരണമെന്ന് യുവ താരം കൂട്ടിച്ചേര്‍ത്തു.
‘എല്ലാം ഉള്‍ക്കൊള്ളാന്‍ ശരിക്കും ബുദ്ധിമുട്ടാണ്. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല. 18ാം ഓവര്‍ അല്ലെങ്കില്‍ 19ാം ഓവര്‍ വരെ ഞങ്ങള്‍ കളിയിലായിരുന്നു. എനിക്കറിയില്ല, ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു. 19ാം ഓവറില്‍ ഞാന്‍ ആ കളി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഒരു കളി പുറത്തെടുക്കേണമായിരുന്നു.
ഞങ്ങളുടെ അവസാന ഓവര്‍ നിര്‍ഭാഗ്യകരമായിരുന്നു. ഞങ്ങള്‍ അവരെ 165-170 ല്‍ നിര്‍ത്തണമെന്ന് ഞാന്‍ കരുതി. ഞങ്ങള്‍ 20 റണ്‍സിലധികം നല്‍കി, പക്ഷേ ഞങ്ങള്‍ അത് പിന്തുടരേണ്ടതായിരുന്നു. പിച്ച് ഇന്ന് പെര്‍ഫെക്റ്റ് ആയിരുന്നു, പരാതികളൊന്നുമില്ല,’ പരാഗ് മത്സര ശേഷം പറഞ്ഞു.
ലഖ്‌നൗവിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ആവേശ് ഖാനാണ്. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി നിര്‍ണായകമായ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മാത്രമല്ല കളിയിലെ താരവും ആവേശായിരുന്നു. ബാറ്റിങ്ങില്‍ എയ്ഡന്‍ മാര്‍ക്രം 45 പന്തില്‍ 66 റണ്‍സും ആയുഷ് ബധോണി 34 പന്തില്‍ 50 റണ്‍സും അബ്ദുള്‍ സമദ് 10 പന്തില്‍ 30* റണ്‍സും നേടി മിന്നും പ്രകടനമാണ് നടത്തിയത്.
രാജസ്ഥാന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് യശസ്വി ജെയ്‌സ്വാളാണ്. 52 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. റിയാന്‍ പരാഗ് 39 റണ്‍സും 14 വയസ് പ്രായമുള്ള അരങ്ങേറ്റക്കാരന്‍ വൈഭവ് സൂര്യവംശി 34 റണ്‍സും നേടി.
Content Highlight: IPL 2025: LSG VS RR : Riyan Parag Talking About Loss Against LSG