സീസണില്‍ തങ്ങളുടെ നാലാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മിച്ചല്‍ മാര്‍ഷും ഏയ്ഡന്‍ മര്‍ക്രവും ചേര്‍ന്നാണ് ലഖ്‌നൗവിനായി ഇന്നിങ്‌സ് ആരംഭിച്ചത്. ക്രീസിലെത്തിയ ആദ്യ നിമിഷം മുതല്‍ക്ക് തന്നെ മാര്‍ഷ് തന്റെ സ്വാഭാവികമായ അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുത്തു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ പന്ത് അതിര്‍ത്തി കടന്നപ്പോള്‍ ലഖ്‌നൗ ടോട്ടലും പറപറന്നു.
മത്സരത്തിന്റെ ആറാം ഓവറില്‍ തന്നെ മാര്‍ഷ് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ടീം സ്‌കോര്‍ 58ല്‍ നില്‍ക്കവെയാണ് താരം ഫിഫ്റ്റിയടിക്കുന്നത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ടീം 69 റണ്‍സും നേടിയിരുന്നു.
പവര്‍പ്ലേയില്‍ ലഖ്‌നൗ നേടിയ 69 റണ്‍സില്‍ 60ഉം പിറന്നത് മാര്‍ഷിന്റെ ബാറ്റില്‍ നിന്നുമായിരുന്നു. ആദ്യ ആറ് ഓവറിലെ 30 പന്തുകളും നേരിട്ടാണ് മാര്‍ഷ് 60ലെത്തിയത്.
ഈ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും മാര്‍ഷ് സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സിനെതിരെ പവര്‍പ്ലേയില്‍ ഒരു ബാറ്റര്‍ സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത് ടോട്ടലെന്ന നേട്ടമാണ് മാര്‍ഷ് സ്വന്തമാക്കിയത്.
പവര്‍പ്ലേക്ക് ശേഷം നേരിട്ട ആദ്യ പന്തില്‍ തന്നെ മാര്‍ഷ് പുറത്താകുകയും ചെയ്തു. വിഘ്‌നേഷ് പുത്തൂരാണ് തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ താരത്തെ മടക്കിയത്. 31 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിങ്‌സ്.
അതേസമയം, മത്സരം 15 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന നിലയിലാണ് ലഖ്‌നൗ. 30 പന്തില്‍ 42 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും 17 പന്തില്‍ 26 റണ്‍സുമായി ആയുഷ് ബദോണിയുമാണ് ക്രീസില്‍.
നിക്കോളാസ് പൂരന്‍ ആറ് പന്തില്‍ 12 റണ്‍സും റിഷബ് പന്ത് ആറ് പന്തില്‍ രണ്ട് റണ്‍സും നേടി മടങ്ങി.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോണി, ഡേവിഡ് മില്ലര്‍, ആബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, ദിഗ്വേഷ് സിങ്, ആകാശ് ദീപ്, ആവേശ് ഖാന്‍.