ആദ്യം ബാറ്റിങ്ങിന് ഇറങ്ങി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് ലഖ്നൗ നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ രഹാനെയാണ്. രഹാനെ 35 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 61 റണ്‍സ് നേടിയാണ് പുറത്തായത്. ഷര്‍ദുല്‍ താക്കൂറാണ് രഹാനെയെ പുറത്താക്കിയത്.
ക്യാപ്റ്റന് പുറമേ വെങ്കിടേഷ് അയ്യരും എട്ടാമനായി ഇറങ്ങിയ റിങ്കു സിങ്ങുമാണ് ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. വെങ്കിടേഷ് 29 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയപ്പോള്‍ റിങ്കു 15 പന്തില്‍ 38 റണ്‍സ് നേടി പുറത്താകാതെ നിന്നു. മാറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
ലഖ്നൗവിന് വേണ്ടി ഷര്‍ദുല്‍ താക്കൂര്‍ നാല് ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഷര്‍ദുല്‍ തന്റെ മൂന്നാം ഓവറില്‍ 13 റണ്‍സാണ് വിട്ടുകൊടുത്തത്. 13ാം ഓവറില്‍ താരം പതിനൊന്ന് പന്തുകള്‍ എറിഞ്ഞാണ് ഇത്രയും റണ്‍സ് വിട്ടുകൊടുത്തത്. താക്കൂര്‍ എറിഞ്ഞ ആദ്യ അഞ്ച് പന്തുകളും വൈഡായിരുന്നു. ഇതോടെ ഒരു നാണക്കേടും താരം സ്വന്തം പേരില്‍ എഴുതി. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവര്‍ എറിഞ്ഞ മൂന്നാമത്തെ താരമായിരിക്കുകയാണ് ലഖ്നൗ പേസര്‍.
ഐ.പി.എല്‍ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ഓവര്‍ എറിഞ്ഞെങ്കിലും മികച്ച ഫോമില്‍ ബാറ്റ് ചെയ്ത കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ വിക്കറ്റെടുക്കാനും ഷര്‍ദുലിന് സാധിച്ചിരുന്നു. വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസലിനെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ നേരിട്ട നാലാം പന്തില്‍ തന്നെ ഡ്രസിങ് റൂമിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
Content Highlight: IPL 2025: LSG vs KKR: Lucknow Super Giants Bowler Shardul Thakur Bowls The Longest Over In The IPL History