മോശം നേട്ടത്തില്‍ ഷഹബാസ്; ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ തലപ്പത്ത്
IPL
മോശം നേട്ടത്തില്‍ ഷഹബാസ്; ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ തലപ്പത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd May 2025, 7:21 am

ഐ.പി.എല്ലില്‍ ആശ്വാസ ജയവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 33 റണ്‍സിന്റെ വിജയമാണ് സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് സൂപ്പര്‍ ജയന്റ്സ് മികച്ച വിജയം സ്വന്തമാക്കിയത്.

സൂപ്പര്‍ ജയന്റ്സ് ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം നേടാനായെങ്കിലും ടീമിലെ സ്പിന്നര്‍ ഷഹബാസ് അഹമ്മദ് ഒരു മോശം റെക്കോഡ് തന്റെ പേരില്‍ ചേര്‍ത്തു. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് 41 റണ്‍സ് വിട്ടുകൊടുത്ത് താരം ഒരു വിക്കറ്റ് നേടിയിരുന്നു. 10.25 എക്കണോമിയിലായിരുന്നു ഷഹബാസ് പന്തെറിഞ്ഞത്.

ഇതിന് പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും മോശം എക്കണോമി റേറ്റുള്ള സ്പിന്നര്‍ എന്ന മോശം നേട്ടം ഷഹബാസ് സ്വന്തം പേരില്‍ കുറിച്ചു. 9.5 എക്കണോമിയാണ് താരത്തിന് ഐ.പി.എല്ലിലുള്ളത്. ലിയാം ലിവിങ്സ്റ്റണെ മറികടന്നാണ് ലഖ്നൗ താരം ഈ മോശം റെക്കോഡിന്റെ തലപ്പത്തെത്തിയത്.

ഐ.പി.എല്ലില്‍ മോശം എക്കോണമിയുള്ള സ്പിന്നര്‍, എക്കോണമി (കുറഞ്ഞത് 50 ഓവര്‍)

ശബാസ് അഹമ്മദ് – 9.5

ലിയാം ലിവിങ്സ്റ്റണ്‍ – 9.0

ഡേവിഡ് ഹസി – 9.0

മായങ്ക് മാര്‍ക്കണ്ഡെ – 8.9

അഭിഷേക് ശര്‍മ – 8.8

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിനായി മിച്ചല്‍ മാര്‍ഷ് വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങി. 64 പന്തില്‍ എട്ട് സിക്സും പത്ത് ഫോറും അടക്കം 117 റണ്‍സ് അടിച്ചെടുത്താണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പൂരന്‍ (27 പന്തില്‍ 56), എയ്ഡന്‍ മാര്‍ക്രം (24 പന്തില്‍ 36) എന്നിവരും മികച്ച പ്രകടനം നടത്തി. ക്യാപ്റ്റന്‍ റിഷബ് പന്ത് പുറത്താവാതെ ആറ് പന്തില്‍ 16 റണ്‍സും ചേര്‍ത്തു.

ടൈറ്റന്‍സിനായി രവിശ്രീനിവാസന്‍ സായ് കിഷോറും അര്‍ഷദ് ഖാനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന്റെ സായ് – ഗില്‍ ഓപ്പണിങ് സഖ്യം മികച്ച തുടക്കം നല്‍കിയെങ്കിലും വിജയത്തിലെത്താനായില്ല. ഗില്‍ 35 റണ്‍സും സായ് സുദര്‍ശന്‍ 21 റണ്‍സും നേടി വേഗം മടങ്ങി. അഞ്ചാം നമ്പറില്‍ ഇറങ്ങിയ ഷാരൂഖ് ഖാന്‍ 29 പന്തില്‍ 57 റണ്‍സുമായി മികച്ച് നിന്നു. കൂടാതെ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് 22 പന്തില്‍ 38 റണ്‍സ് സ്വന്തമാക്കി.

സൂപ്പര്‍ ജയന്റ്സിനായി വില്‍ ഒ റൂര്‍ക് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആയുഷ് ബദോണിയും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ആകാശ് സിങ്ങാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

Content Highlight: IPL 2025: LSG vs GT: Shahbaz Ahmed has the worst economy rate for a spinner in IPL history