ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് വിജയം സ്വന്തമാക്കിയിരുന്നു. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്.
അവസാന ഓവറുകളിലെ ശിവം ദുബൈയുടെയും ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെയും തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ വിജയം നേടിയത്.
The IMPACT player does it with MAX IMPACT 🤩
Shivam Dube 🤝 MS Dhoni with a match-winning partnership 💛@ChennaiIPL are 🔙 to winning ways 😎
ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തിരുന്നു. നായകന്‍ റിഷബ് പന്തിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഹോം ടീം മികച്ച സ്‌കോറിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ചെന്നൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ലഖ്നൗവിനായി മികച്ച പ്രകടനമാണ് രവി ബിഷ്ണോയി കാഴ്ച വെച്ചത്. ചെന്നൈയുടെ രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അടുത്തടുത്ത ഓവറുകളില്‍ രാഹുല്‍ ത്രിപാഠിയുടെയും രവീന്ദ്ര ജഡേജയുടെയും വിക്കറ്റുകള്‍ വീഴ്ത്തി യുവ താരം ചെന്നൈയെ സമ്മര്‍ദത്തിലാക്കിയിരുന്നു. മൂന്ന് ഓവറില്‍ ആറ് എക്കോണമിയില്‍ പന്തെറിഞ്ഞ താരം 18 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും രവി ബിഷ്ണോയിയെ ക്യാപ്റ്റന്‍ റിഷബ് മൂന്ന് ഓവറുകളില്‍ മാത്രമാണ് പന്ത് ഏല്‍പ്പിച്ചത്. ഇതില്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരിക്കുകയാണ് ലഖ്നൗ സ്പിന്നര്‍ രവി ബിഷ്ണോയി.
താന്‍ പന്തിനോട് അതിനെക്കുറിച്ച് ശരിക്കും സംസാരിച്ചില്ലെന്നും ക്യാപ്റ്റന്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍ ഉണ്ടായിരുന്നുവെന്ന് ഞാന്‍ കരുതുന്നുവെന്നും താരം പറഞ്ഞു. വിക്കറ്റ് കീപ്പിങ് ചെയ്യുന്നതിനാല്‍ പന്തിന് കാര്യങ്ങള്‍ നന്നായി മനസിലാകുമെന്നും മത്സരത്തില്‍ മികച്ചതെന്ന് കരുതിയ തീരുമാനം ക്യാപ്റ്റന്‍ എടുത്തുവെന്നും ബിഷ്ണോയി കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ പന്തിനോട് അതിനെക്കുറിച്ച് ശരിക്കും സംസാരിച്ചില്ല. അത് പരിശോധിക്കാന്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് രണ്ട് വട്ടം പോയിരുന്നു. ക്യാപ്റ്റന്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍ ഉണ്ടായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അത്തരം സാഹചര്യങ്ങളില്‍ ക്യാപ്റ്റനാണ് തീരുമാനമെടുക്കുന്നത്. വിക്കറ്റ് കീപ്പിങ് ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ നന്നായി മനസിലാകും.
എന്റെ അഭിപ്രായത്തില്‍, അദ്ദേഹം മികച്ചതെന്ന് കരുതിയ തീരുമാനമെടുത്തു. അദ്ദേഹത്തിന്റെ മനസ്സില്‍ വ്യക്തതയുണ്ടായിരുന്നു, അത്തരം പിരിമുറുക്കമുള്ള സാഹചര്യങ്ങളില്‍ ക്യാപ്റ്റന്‍ വ്യക്തമായ മനസോടെ ചിന്തിക്കുന്നത് നല്ലതാണ്,’ ബിഷ്ണോയി പറഞ്ഞു.
Content Highlight: IPL 2025: LSG vs CSK: Lucknow Super Giants Spinner Ravi Bishnoi talks about not bowling his last over against Chennai Super Kings