ഐ.പി.എല്‍ 2025ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – പഞ്ചാബ് കിങ്‌സ് മത്സരം ഉപേക്ഷിച്ചിരുന്നു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരമാണ് മഴ മൂലം ഉപേക്ഷിക്കപ്പെട്ടത്. ഇതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു.
പഞ്ചാബ് ഇന്നിങ്‌സിന് ശേഷം കൊല്‍ക്കത്ത ബാറ്റിങ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മഴയെത്തിയത്. കൊല്‍ക്കത്ത ഇന്നിങ്‌സില്‍ വെറും ഒരു ഓവര്‍ മാത്രം എറിഞ്ഞ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു കാലാവസ്ഥ പ്രതികൂലമായത്. മഴ മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ പ്രതീക്ഷകളും മഴയില്‍ ഒലിച്ചുപോവുകയായിരുന്നു.
ഈ മത്സരത്തില്‍ എന്തുകൊണ്ട് ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമം ഉപയോഗിച്ചില്ല എന്ന സംശയം ആരാധകരില്‍ ചിലര്‍ക്കെങ്കിലുമുണ്ടായിരിക്കും. മഴനിയമത്തിലൂടെ വിജയികളെ കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ലേ എന്നാണ് ഇവരുടെ ചോദ്യം.
എന്നാല്‍ എന്തുകൊണ്ടാണ് ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമം ഉപയോഗിക്കാതിരുന്നത്? മത്സരത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ഈ നിയമം ഉപയോഗിക്കാന്‍ സാധിക്കില്ല എന്നതുതന്നെ കാരണം.
ടി-20യില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമം പ്രാവര്‍ത്തികമാകണമെങ്കില്‍ ഇരു ടീമുകളും ഏറ്റവും ചുരുങ്ങിയത് അഞ്ച് ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണം (ഏകദിനത്തില്‍ ഇത് 20 ഓവര്‍ വീതം). കൊല്‍ക്കത്ത ഒറ്റ ഓവര്‍ മാത്രമേ ബാറ്റ് ചെയ്തിരുന്നുള്ളൂ എന്ന കാരണത്താലാണ് ഈ നിയമം ഉപയോഗിക്കാന്‍ സാധിക്കാതെ പോയത്.
ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമത്തെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ചെയ്യുക.
മത്സരത്തില്‍ നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്‌സിനായി ആദ്യ വിക്കറ്റില്‍ പ്രഭ്‌സിമ്രാനും പ്രിയാന്‍ഷ് ആര്യയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.