ഐ.പി.എല്‍ 2025ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 112 റണ്‍സിന്റെ വിജയലക്ഷ്യവുമായി പഞ്ചാബ് കിങ്‌സ്. സ്വന്തം തട്ടകമായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിന് തൊട്ടതെല്ലാം പിഴയ്ക്കുകയും കുഞ്ഞന്‍ സ്‌കോറില്‍ ഒതുങ്ങുകയുമായിരുന്നു.
തന്റെ ക്യാപ്റ്റന്‍സിയില്‍ കിരീടമുയര്‍ത്തിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കെതിരെ പഞ്ചാബ് കിങ്‌സിനെ നയിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ശ്രേയസ് അയ്യരിന്റെ മനസിലുണ്ടായിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയും കൊല്‍ക്കത്തയെ അത് മറികടക്കാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തുകയുമായിരുന്നു ശ്രേയസിന്റെ പ്ലാന്‍. എന്നാല്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വിക്കറ്റുകള്‍ വീണതോടെ പഞ്ചാബ് പതറി.
മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും വിക്കറ്റുകള്‍ വീണത് പഞ്ചാബിന് തിരിച്ചടിയായി. ആദ്യ വിക്കറ്റില്‍ 39 റണ്‍സിന്റെ കൂട്ടുകെട്ട് ഓപ്പണര്‍മാര്‍ ചേര്‍ത്തുവെച്ചു. എന്നാല്‍ പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ഹോം ടീം സ്വന്തം കുഴി തോണ്ടി.
39/0 എന്ന നിലയില്‍ നിന്നും 54/4 എന്ന നിലയിലേക്കാണ് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പഞ്ചാബെത്തിയത്. വമ്പന്‍ താരങ്ങളെല്ലാം തന്നെ നിരാശപ്പെടുത്തുകയും കാര്യമായ സ്‌കോര്‍ സ്വന്തമാക്കാതെ പുറത്താവുകയും ചെയ്തു.
ഒടുവില്‍ 15.3 ഓവറില്‍ 111ന് ടീം പുറത്തായി.
സ്വന്തം തട്ടകത്തില്‍ പഞ്ചാബ് കിങ്‌സിന്റെ ഏറ്റവും മോശം ടോട്ടലാണ് മുല്ലാന്‍പൂരില്‍ പിറവിയെടുത്തത്. 2011ല്‍ മൊഹാലിയില്‍ പൂനെ വാറിയേഴ്‌സ് ഇന്ത്യയ്‌ക്കെതിരെ നേടിയ 119 റണ്‍സായിരുന്നു ഇതുവരെ ഹോം ഗ്രൗണ്ടിലെ പഞ്ചാബിന്റെ മോശം ടോട്ടല്‍.
പഞ്ചാബിന്റെ ഐ.പി.എല്‍ ചരിത്രത്തിലെ ഏഴാമത് ഏറ്റവും മോശം സ്‌കോറെന്ന അനാവശ്യ നേട്ടവും ഈ മത്സരത്തിന് പിന്നാലെ പിറന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതവും നേടി. ആന്‌റിക് നോര്‍ക്യയും വൈഭവ് അറോറയുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ 12ന് രണ്ട് എന്ന നിലയിലാണ്. സുനില്‍ നരെയ്ന്‍ (നാല് പന്തില്‍ അഞ്ച്), ക്വിന്റണ്‍ ഡി കോക്ക് (അഞ്ച് പന്തില്‍ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.
Content Highlight: IPL 2025: KKR vs PBKS: Punjab Kings registered their lowest total on home venue