ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത് ചരിത്രം കുറിച്ചതിന് ശേഷം പഞ്ചാബ് കിങ്‌സ് ഒരിക്കല്‍ക്കൂടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും പഞ്ചാബ് ഇന്നിങ്‌സിന് തുടക്കമിട്ടു. പവര്‍പ്ലേയില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും ആദ്യ വിക്കറ്റില്‍ 120 റണ്‍സും അടിച്ചെടുത്തു.
ഈ സീസണില്‍ ഏറ്റവുമധികം പവര്‍പ്ലേ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയാണ് പ്രിയാന്‍ഷ് ആദ്യ റെക്കോഡിട്ടത്. 222 റണ്‍സാണ് പവര്‍പ്ലേയില്‍ നിന്ന് മാത്രം പ്രിയാന്‍ഷ് സ്വന്തമാക്കിയത്.
ഐ.പി.എല്‍ 2025ല്‍ ഏറ്റവുധികം പവര്‍പ്ലേ റണ്‍സ് നേടിയ താരങ്ങള്‍ (ഇതുവരെ)
ഐ.പി.എല്ലിന് മുമ്പ് നടന്ന ദല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരു ഓവറിലെ ആറ് പന്തിലും സിക്‌സര്‍ നേടിയതിന് പിന്നാലെയാണ് പ്രിയാന്‍ഷിന്റെ പേര് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ കൂടുതല്‍ ചര്‍ച്ചയായത്. ഈ മത്സരത്തില്‍ പത്ത് ഫോറും പത്ത് സിക്‌സറും അടക്കം 120 റണ്‍സാണ് താരം സ്വന്തമാക്കിയത്.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ വരവറിയിച്ച താരം ഐ.പി.എല്ലില്‍ തന്റെ ഡോമിനേഷന്‍ തുടരുകയാണ്. ഇതുവരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഈ സീസണിലെ എമേര്‍ജിങ് പ്ലെയറായി തെരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പ്രിയാന്‍ഷ്.
കൊല്‍ക്കത്തയ്‌ക്കെതിരെ നാല് സിക്‌സറും എട്ട് ഫോറും അടക്കം 35 പന്തില്‍ 69 റണ്‍സ് നേടിയാണ് പ്രിയാന്‍ഷ് കളം വിട്ടത്. 197.14 എന്ന പ്രഹരശേഷിയിലാണ് താരം ബാറ്റ് വീശിയത്.
അതേസമയം, നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 167 എന്ന നിലയിലാണ് പഞ്ചാബ്. 49 പന്തില്‍ 83 റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ വിക്കറ്റാണ് ടീമിന് രണ്ടാമതായി നഷ്ടപ്പെട്ടത്.