ഐ.പി.എല്‍ 2025ല്‍ തങ്ങളുടെ രണ്ടാം എന്‍കൗണ്ടറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 202 റണ്‍സിന്റെ വിജയലക്ഷ്യവുമായി പഞ്ചാബ് കിങ്‌സ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ പ്രിയാന്‍ഷ് ആര്യയുടെയും പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്.
യുവതാരങ്ങള്‍ കളം നിറഞ്ഞാടിയ മത്സരത്തില്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ പാടെ നിരാശപ്പെടുത്തി. എട്ട് പന്ത് നേരിട്ട് ഏഴ് റണ്‍സുമായാണ് മാക്‌സി പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.
സീസണില്‍ നേരത്തെ നടന്ന പഞ്ചാബ് – കൊല്‍ക്കത്ത മത്സരത്തിലും വരുണ്‍ ചക്രവര്‍ത്തി തന്നെയാണ് മാക്‌സിയെ മടക്കിയത്. പത്ത് പന്തില്‍ ഏഴ് റണ്‍സാണ് താരം ആദ്യ മത്സരത്തില്‍ സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഇത് അഞ്ചാം തവണയാണ് വരുണ്‍ ചക്രവര്‍ത്തി മാക്‌സ് വെല്ലിനെ പുറത്താക്കുന്നത്. ഏറ്റവുമധികം തവണ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍ റൗണ്ടറെ പുറത്താക്കുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ചക്രവര്‍ത്തിക്ക് സാധിച്ചു.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കിയ താരങ്ങള്‍
(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)
രവീന്ദ്ര ജഡേജ – 6
വരുണ്‍ ചക്രവര്‍ത്തി – 5*
അമിത് മിശ്ര – 5
ജസ്പ്രീത് ബുംറ – 5
ഇതിനൊപ്പം തന്നെ ചക്രവര്‍ത്തിക്കെതിരെ താരത്തിന്റെ ശരാശരിയും കുത്തനെ ഇടിഞ്ഞു.
ഐ.പി.എല്ലില്‍ ഒരു ബൗളര്‍ക്കെതിരെ മാക്‌സ്‌വെല്ലിന്റെ ഏറ്റവും മോശം ബാറ്റിങ് ശരാശരി
(ബൗളര്‍ – എത്ര തവണ പുറത്താക്കി – ശരാശരി എന്നീ ക്രമത്തില്‍)
ഹര്‍പ്രീത് ബ്രാര്‍ – 4 തവണ – 4.5
ഉമേഷ് യാദവ് – 3 തവണ – 5.7
ജസ്പ്രീത് ബുംറ – അഞ്ച് തവണ – 8.8
വരുണ്‍ ചക്രവത്തി – അഞ്ച് തവണ – 10.00*
രവീന്ദ്ര ജഡേജ – ആറ് തവണ – 11.7
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്‌സിനായി ആദ്യ വിക്കറ്റില്‍ പ്രഭ്‌സിമ്രാനും പ്രിയാന്‍ഷ് ആര്യയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.