'തലയല്ല' തലയെടുക്കുന്നവന്‍; ഐ.പി.എല്‍ ചരിത്രത്തില്‍ ഇങ്ങനെ ഒരാള്‍ ഇദ്ദേഹം മാത്രം!
2025 IPL
'തലയല്ല' തലയെടുക്കുന്നവന്‍; ഐ.പി.എല്‍ ചരിത്രത്തില്‍ ഇങ്ങനെ ഒരാള്‍ ഇദ്ദേഹം മാത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th May 2025, 10:07 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

ഓപ്പണര്‍ റഹ്മാനുള്ള ഗര്‍ബാസിനെ 11 റണ്‍സിന് പറഞ്ഞയച്ചാണ് ചെന്നൈ തുടങ്ങിയത്.
അന്‍ഷുല്‍ കാംബോജാണ് താരത്തെ പുറത്താക്കിയത്. കൂറ്റന്‍ അടിക്ക് പേരുകേട്ട സുനില്‍ നരെയ്‌നെ നൂര്‍ അഹമ്മദും പുറത്താക്കി. 17 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. ശേഷം ഇറങ്ങിയ അംഗ്കൃഷ് രഘുവംശിയെ ഒരു റണ്‍സിന് പറഞ്ഞയച്ച് നൂറ് അഹമ്മദ് വീണ്ടും തിളങ്ങി. അംഗ്കൃഷിന്റെയും നരെയ്‌ന്റേയും വിക്കറ്റ് ക്യാപ്റ്റന്‍ ധോണിയുടെ കയ്യിലാണ് എത്തിയത്.

ഇതോടെ ഐ.പി.എല്ലില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ധോണിക്ക് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ 200 പുറത്താക്കല്‍ നേടുന്ന ആദ്യ താരമാകാനാണ് ധോണിക്ക് സാധിച്ചത്. മത്സരത്തില്‍ അംഗ്കൃഷ് രഘുവംശിയുടെ ക്യാച്ച് കയ്യിലൊതുക്കിയാണ് ധോണി ഈ ചരിത്ര നേട്ടത്തില്‍ എത്തിയത്. 47 സ്റ്റംപിങ്ങും 153 ക്യാച്ചുകളും ആണ് ധോണി സ്വന്തം പേരില്‍ കുറിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ 150 ക്യാച്ചുകള്‍ നേടുന്ന ഏക വിക്കറ്റ് കീപ്പറും ധോണിയാണ്.

മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനയായിരുന്നു ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. എന്നാല്‍ 33 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാലു ഫോറും ഉള്‍പ്പെടെ 48 റണ്‍സ് നേടി ക്യാപ്റ്റനും പുറത്തായി. ആര്‍ അശ്വിന്‍ ആണ് രഹാനെയെ പറഞ്ഞയച്ചത്.

പിന്നീട് മധ്യനിരയില്‍ നിന്ന് മനീഷ് പാണ്ഡെയും ആന്ദ്രെ റസലുമാണ് കൊല്‍ക്കത്തക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്. മനീഷ് 28 പന്തില്‍ നിന്ന് ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 36 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ റസല്‍ 21 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി. നൂര്‍ അഹമ്മദിനാണ് താരത്തിന്റെ വിക്കറ്റ്. മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇലവന്‍

റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ്, മൊയീന്‍ അലി, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഉര്‍വില്‍ പട്ടേല്‍, ഡെവോണ്‍ കോണ്‍വേ, ആയുഷ് മാഹ്‌ത്രെ, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ആര്‍. അശ്വിന്‍, അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

Content Highlight: IPL 2025: KKR VS CSK: M.S Dhoni in Great Record Achievement In IPL History