വീഴ്ത്തിയത് രണ്ടേ രണ്ട് വിക്കറ്റ്, മറികടന്നത് ചഹലിനെ; ചരിത്ര നേട്ടത്തില്‍ വരുണ്‍
IPL
വീഴ്ത്തിയത് രണ്ടേ രണ്ട് വിക്കറ്റ്, മറികടന്നത് ചഹലിനെ; ചരിത്ര നേട്ടത്തില്‍ വരുണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th May 2025, 8:38 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് വിക്കറ്റിന്റെ തോല്‍വിയാണ് കൊല്‍ക്കത്ത വഴങ്ങിയത്. രണ്ട് പന്ത് ശേഷിക്കെ ബൗണ്ടറി അടിച്ച് ചെന്നൈ വിജയം നേടുകയായിരുന്നു. ഇതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.

ആവേശം നിറഞ്ഞ മത്സരത്തിലെ ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ചെന്നൈക്ക് വിജയം നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് ചെന്നൈ അടിച്ചെടുത്തത്.

മത്സരത്തില്‍ കൊല്‍ക്കത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടു കൊടുത്ത് താരം രണ്ട് വിക്കറ്റുകള്‍ നേടി. 4.50 എക്കണോമിയില്‍ പന്തെറിഞ്ഞാണ് വരുണ്‍ ചെന്നൈ ബാറ്റര്‍മാരെ വിറപ്പിച്ചത്.

രവീന്ദ്ര ജഡേജയുടെയും മികച്ച ഫോമില്‍ കളിച്ച ഡെവാള്‍ഡ് ബ്രവിസിന്റെയും വിക്കറ്റുകളാണ് വരുണ്‍ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും കൊല്‍ക്കത്ത സ്പിന്നര്‍ക്കായി. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന സ്പിന്നര്‍ എന്ന നാഴികക്കല്ലാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 100 ??വിക്കറ്റ് നേടുന്ന സ്പിന്നര്‍, ഇന്നിങ്സ്

വരുണ്‍ ചക്രവര്‍ത്തി – 82

യുസ്വേന്ദ്ര ചാഹല്‍ – 83

റാഷിദ് ഖാന്‍ – 83

അമിത് മിശ്ര – 83

സുനില്‍ നരെയ്ന്‍ – 85

വരുണിന് പുറമെ കൊല്‍ക്കത്തയ്ക്കായി മൂന്ന് വിക്കറ്റുകള്‍ നേടി വൈഭവ് അറോറ മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചു. ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തിയപ്പോള്‍ മൊയീന്‍ അലി ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ തുടക്കം തിരിച്ചടിയോടെയായിരുന്നു. ഓപ്പണര്‍മാരായ ആയുഷ് മാഹ്ത്രെ, ഡെവോണ്‍ കോണ്‍വേ എന്നിവര്‍ ആദ്യ രണ്ട് ഓവറില്‍ തന്നെ പൂജ്യത്തിന് കൂടാരം കയറി. മൂന്നാമനായി ഇറങ്ങിയ അരങ്ങേറ്റക്കാരന്‍ ഉര്‍വില്‍ പട്ടേല്‍ 11 പന്തില്‍ നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 31 റണ്‍സെടുത്തു.

ഡെവാള്‍ഡ് ബ്രവിസ് 25 പന്തില്‍ 52 റണ്‍സെടുത്തപ്പോള്‍ ശിവം ദുബൈ 40 പന്തില്‍ 45 റണ്‍സും നേടി ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ നഷ്ടമായിരുന്നു. മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനയായിരുന്നു ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 33 പന്തില്‍ രണ്ട് സിക്സും നാലു ഫോറും ഉള്‍പ്പെടെ 48 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.

പിന്നീട് മധ്യനിരയില്‍ നിന്ന് മനീഷ് പാണ്ഡെ 28 പന്തില്‍ നിന്ന് ഓരോ സിക്സും ഫോറും ഉള്‍പ്പെടെ 36 റണ്‍സ് നേടി പുറത്താകാതെ നിന്നു. 21 പന്തില്‍ നിന്ന് മൂന്ന് സിക്സും നാലു ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി ആന്ദ്രെ റസലും കൊല്‍ക്കത്തക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

ചെന്നൈക്കായി നൂര്‍ അഹമ്മദ് നാല് വിക്കറ്റും രവീന്ദ്ര ജഡേജയും അന്‍ഷുല്‍ കാംബോജും ഓരോ വിക്കറ്റുകള്‍ നേടി.

Content Highlight: IPL 2025: KKR vs CSK: Kolkata Knight Riders bowler Varun Chakaravarthy became the fastest spinner to complete 100 wickets in IPL history