ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനാണ് കൊല്‍ക്കത്ത തീരുമാനിച്ചത്.
ടീമില്‍ വലിയ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. സീസണില്‍ വലിയ തുകയ്ക്ക് കൊല്‍ക്കത്ത നില നിര്‍ത്തിയ വെങ്കിടേഷ് അയ്യരെ (23.75) മാറ്റി മനീഷ് പാണ്ഡയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. മോശം പ്രകടനത്തെതുടര്‍ന്നാണ് വെങ്കിയെ ടീമില്‍ നിന്ന് മാറ്റിയത്.
മാത്രമല്ല ചെന്നൈക്ക് വേണ്ടി ഡെവോണ്‍ കോണ്‍വേ തിരിച്ചെത്തിയപ്പോള്‍ ഓപ്പണിങ് പെയറായി യുവ താരം ഉര്‍വില്‍ പട്ടേലിനെയും ചെന്നൈ കൊണ്ടുവന്നു. സൈദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും വേഗതയില്‍ സെഞ്ച്വറി നേടിയ താരമാണ് ഉര്‍വില്‍ പട്ടേല്‍. ത്രിപുരയ്‌ക്കെതിരെ 28 പന്തിലാണ് താരം സെഞ്ച്വറി നേടിയത്.
അതേസമയം സീസണില്‍ നിന്ന് ആദ്യം പുറത്തായ ടീമെന്ന ടൈറ്റിലുമായി അഭിമാന വിജയത്തിന് വേണ്ടിയാണ് ചെന്നൈ കളത്തിലിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത.
പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ വിജയം അനിവാര്യമാണ്. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 11 പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്.