ഐ.പി.എല്ലില്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡിലെ രണ്ടാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.
ക്യാപ്പിറ്റല്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ടൈറ്റന്‍സ് മറികടന്നു. സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി കരുത്തിലായിരുന്നു ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.
65 പന്ത് നേരിട്ട് പുറത്താകാതെ 112 റണ്‍സാണ് രാഹുല്‍ നേടിയത്. 14 ഫോറും നാല് സിക്സറും അടക്കം 172.31 സ്ട്രൈക്ക് റേറ്റിലാണ് രാഹുല്‍ ബാറ്റ് വീശിയത്. മാത്രമല്ല ഐ.പി.എല്‍ കരിയറില്‍ രാഹുലിന്റെ അഞ്ചാം സെഞ്ച്വറിയാണിത്. ഇതോടെ ഐ.പി.എല്ലിലെ സെഞ്ച്വറി വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും രാഹുലിന് സാധിച്ചു. തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മറ്റൊരു താരത്തിനുമില്ലാത്ത ചരിത്ര നേട്ടമാണ് ഐ.പി.എല്ലില്‍ രാഹുല്‍ സ്വന്തമാക്കിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് രാഹുല്‍ തന്റെ പേരില്‍ കുറിച്ചത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടന്നാണ് രാഹുല്‍ ഈ റെക്കോഡില്‍ മുന്നിലെത്തിയത്.
61 പന്തില്‍ നിന്നും പുറത്താകാതെ 108 റണ്‍സാണ് സായ് സുദശന്‍ സ്വന്തമാക്കിയത്. 12 ഫോറും നാല് സിക്സറും അടക്കം 177.05 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. അതേസമയം ക്യാപ്റ്റനാകട്ടെ 53 പന്ത് നേരിട്ട് 93 റണ്‍സ് നേടിയാണ് ക്രീസില്‍ തുടര്‍ന്നത്. ഏഴ് സിക്സറും മൂന്ന് ഫോറുമാണ് ഗില്‍ സ്വന്തമാക്കിയത്.
ടൈറ്റന്‍സിനായി അര്‍ഷദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, രവിശ്രിനിവാസന്‍ സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
Content Highlight: IPL 2025: K.L Rahul Surpass Virat Kohli And Achieve Great Record Achievement In IPL