ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ പഞ്ചാബ് കിങ്‌സ് മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ അപരാജിത പോരാട്ടമാണ് പഞ്ചാബ് കിങ്‌സിന് വിജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിച്ചത്.
കിരീടപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് പഞ്ചാബ് നേരിടുക. ഐ.പി.എല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാതെ പോയ രണ്ട് ടീമുകള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍ പുതിയ ചാമ്പ്യന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്‌ലോകം.
ഫൈനലില്‍ രജത് പാടിദാറിനെയും സംഘത്തെയും പരാജയപ്പെടുത്തി കിരീടം നേടിയാല്‍ ഒരു ഐതിഹാസിക നേട്ടവും പഞ്ചാബിന് സ്വന്തമാക്കാന്‍ സാധിക്കും. ഐ.പി.എല്ലിലെ എല്ലാ ഒ.ജി പുരസ്‌കാരങ്ങളും നേടുന്ന ടീമാകാനാണ് പഞ്ചാബ് കിങ്‌സിന് അവസരമൊരുങ്ങുന്നത്.
പല സീസണുകളിലായി ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പുമുടക്കമുള്ള എല്ലാ പുരസ്‌കാരങ്ങളും മൊഹാലിയിലെത്തിച്ച പഞ്ചാബിന് ഐ.പി.എല്‍ കിരീടം മാത്രമാണ് ഈ റെക്കോഡിനായി ആവശ്യമുള്ളത്.
ഓറഞ്ച് ക്യാപ്പ്
രണ്ട് സീസണുകളില്‍ പഞ്ചാബ് താരങ്ങള്‍ എറ്റവും മികച്ച റണ്‍വേട്ടക്കാരുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഉദ്ഘാടന സീസണില്‍ സൂപ്പര്‍ താരം ഷോണ്‍ മാര്‍ഷ് 616 റണ്‍സോടെയും 2020ല്‍ കെ.എല്‍ രാഹുല്‍ 670 റണ്‍സോടെയും സീസണിലെ ഏറ്റവും മികച്ച റണ്ണടിവീരനായിട്ടുണ്ട്.
ഷോണ്‍ മാര്‍ഷ് | കെ.എല്‍ രാഹുല്‍
പര്‍പ്പിള്‍ ക്യാപ്പ്
ഓറഞ്ച് ക്യാപ്പ് പോലെ രണ്ട് തവണ പഞ്ചാബ് താരങ്ങള്‍ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2018ല്‍ 24 വിക്കറ്റുമായി ആന്‍ഡ്രൂ ടൈയും 2024ല്‍ 24 വിക്കറ്റോടെ ഹര്‍ഷല്‍ പട്ടേലുമാണ് പര്‍പ്പിള്‍ ക്യാപ്പണിഞ്ഞത്.
ആന്‍ഡ്രൂ ടൈ | ഹര്‍ഷല്‍ പട്ടേല്‍
മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍
തങ്ങളുടെ ചരിത്രത്തിലാദ്യമായി ഫൈനല്‍ കളിച്ച 2014ലാണ് മുമ്പ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് എന്നറിയപ്പെട്ട മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ പുരസ്‌കാരം മൊഹാലിയിലെത്തുന്നത്. 286 പോയിന്റുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം സിക്‌സറടിക്കുന്ന താരത്തിനുള്ള പുരസ്‌കാരം മൂന്ന് തവണയാണ് പഞ്ചാബ് താരങ്ങള്‍ നേടിയത്. 2014ല്‍ 36 സിക്‌സറോടെയും 2016ല്‍ 26 സിക്‌സറോടെയും ഗ്ലെന്‍ മാക്‌സ്‌വെല്‍ സിക്‌സറടിവീരന്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ 2020ല്‍ 30 സിക്‌സറുമായി കെ.എല്‍. രാഹുലും ഈ പുരസ്‌കാരം സ്വന്തമാക്കി.
ഗ്ലെന്‍ മാക്‌സ്‌വെല്‍ | കെ.എല്‍. രാഹുൽ
ഐ.പി.എല്‍ കിരീടമടക്കം ഈ പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കിയ നിലിവിലെ ഒരേയൊരു ടീം മുംബൈ ഇന്ത്യന്‍സ് മാത്രമാണ്. സീസണിലെ മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം നേടാനായാല്‍ രാജസ്ഥാന്‍ റോയല്‍സിനും ഈ കംപ്ലീറ്റ് റെക്കോഡ് സ്വന്തമാക്കാം.
(സീസണിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ്, ഏറ്റവുമധികം ഫോറുകള്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഈയിടെ മാത്രമാണ് ടൂര്‍ണമെന്റ് നല്‍കി വരുന്നത് എന്നതിനാല്‍ അവ ഇതില്‍ പരിഗണിക്കുന്നില്ല)
Content Highlight: IPL 2025: If Punjab Kings win the IPL title, they will become the second team to win all the records in the tournament.