സഞ്ജുവിന്റെ രാജസ്ഥാനേക്കാള്‍ നാല് കൂടുതല്‍; മോശം റെക്കോഡില്‍ വീണ്ടും ഗുജറാത്ത്!
IPL
സഞ്ജുവിന്റെ രാജസ്ഥാനേക്കാള്‍ നാല് കൂടുതല്‍; മോശം റെക്കോഡില്‍ വീണ്ടും ഗുജറാത്ത്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st May 2025, 3:36 pm

2025ലെ ഐ.പി.എല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 20 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ മുന്നേറിയത്. മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

സീസണില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഗുജറാത്ത് ക്യാപ്റ്റന്‍ ഗില്ലും സംഘവും ഒരു മോശം റെക്കോഡും തലയില്‍ പേറിയിരിക്കുകയാണ്. ഐ.പി.എല്‍ 2025ല്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്ന ടീമായി മാറുകയാണ് ഗുജറാത്ത്. 34 ക്യാച്ചുകളാണ് സീസണില്‍ ഗുജറാത്ത് വിട്ടുകളഞ്ഞത്. ഈ മോശം നേട്ടത്തില്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സ് തൊട്ടു പിറകിലുണ്ട്. 30 ക്യാച്ചുകളാണ് രാജസ്ഥാന് വിട്ടുകളഞ്ഞത്.

ഐ.പി.എല്‍ 2025ല്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്ന ടീം, എണ്ണം

ഗുജറാത്ത് ടൈറ്റന്‍സ് – 34

രാജസ്ഥാന്‍ റോയല്‍സ് – 30

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 25

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 25

മത്സരത്തില്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് മുംബൈ ഉയര്‍ന്ന സ്‌കോറില്‍ എത്തിയത്. രണ്ട് ലൈഫ് ലഭിച്ച രോഹിത് 50 പന്തില്‍ നാല് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് അടിച്ചെടുത്തത്. മാത്രമല്ല കളിയിലെ താരമാകാനും രോഹിത്തിന് സാധിച്ചു. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 22 പന്തില്‍ 47 റണ്‍സും സൂര്യകുമാര്‍ യാദവ് 20 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 33 റണ്‍സും നേടി.

അതേസമയം ഗുജറാത്തിന് വേണ്ടി സായി സുദര്‍ശന്‍ 49 പന്തില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 80 റണ്‍സും നേടി മികവ് പുലര്‍ത്തി. വാഷിങ്ടണ്‍ സുന്ദര്‍ 24 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 48 റണ്‍സും നേടി. മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ് ഗുജറാത്തിന്റെ യുവ ബാറ്റര്‍ സായി സുദര്‍ശന്‍.

ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ചവെച്ചത് ജസ്പ്രീത് ബുംറയാണ്. സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി മികവ് പുലര്‍ത്തി. ഗുജറാത്തിനെതിരായ വിജയത്തോടെ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്സിനെയാണ് മുംബൈയ്ക്ക് നേരിടാനുള്ളത്. ഈ പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ കിരീട പോരാട്ടത്തില്‍ ആര്‍.സി.ബിയെ നേരിടും.

Content Highlight: IPL 2025: Gujarat Titans In Unwanted Record Achievement In IPL