ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. വിജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും ടീമിന് സാധിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തിരുന്നു. മഴ കാരണം രണ്ട് പ്രാവശ്യം തടസപ്പെട്ട മത്സരത്തില്‍ ഒമ്പത് റണ്‍സും ഒരു ഓവറും വെട്ടി കുറച്ചിരുന്നു. ദീപക് ചഹര്‍ എറിഞ്ഞ ഓവറില്‍ അവസാന പന്തിലാണ് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ഫീല്‍ഡിങ്ങില്‍ ഒരുപാട് പിഴവുകളാണ് ഗുജറാത്ത് വരുത്തിയത്. നാല് കാച്ചുകളാണ് ഗുജറാത്ത് താരങ്ങള്‍ വിട്ടു കളഞ്ഞത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ കൈവിട്ടു കളഞ്ഞ ടീമുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താനാണ് ഗുജറാത്തിന് സാധിച്ചത്.
24 ക്യാച്ചുകളാണ് ഗുജറാത്ത് നഷ്ടപ്പെടുത്തിയത്. 25 ക്യാച്ചുകള്‍ കൈവിട്ട രാജസ്ഥാന്‍ റോയല്‍സ് ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 21 ക്യാച്ചുകള്‍ നഷ്ടമാക്കിയ ചെന്നൈയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.
മത്സരത്തില്‍ മുംബൈക്കായി വില്‍ ജാക്‌സ് അര്‍ദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 35 പന്തില്‍ അഞ്ചു ഫോറുകളും മൂന്ന് സിക്‌സുകളും ഉള്‍പ്പടെ 53 റണ്‍സാണ് വില്‍ ജാക്‌സ് നേടിയത്. സൂര്യകുമാര്‍ യാദവ് 24 പന്തില്‍ 34 റണ്‍സും നേടി നിര്‍ണായകമായി. അഞ്ചു ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
അതേസമയം പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനക്കാരായ ടൈറ്റന്‍സിന് 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമാണുള്ളത്. ഗുജറാത്തിന്റെ ഈ വിജയങ്ങളില്‍ നേടും തൂണായിരുന്നത് സായി സുദര്‍ശനും, ശുഭ്മന്‍ ഗില്ലും ജോസ് ബട്‌ലറുമാണ്. മൂന്ന് പേരും ഈ സീസണില്‍ 500 റണ്‍സിന് മുകളില്‍ അടിച്ചെടുത്തിട്ടുണ്ട്.
Content Highlight: IPL 2025: Gujarat Titans In Unwanted Record Achievement In IPL 2025