ഐ.പി.എല്ലില്‍ ആര്‍.സി.ബി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയതോടെ ടൂര്‍ണമെന്റിന്റെ പതിനെട്ടാം സീസണിന് വിരാമമിട്ടിരിക്കുകയാണ്. ഫൈനലില്‍ പഞ്ചാബിനെതിരെ വിജയിച്ചാണ് ബെംഗളൂരു കിരീടമുയര്‍ത്തിയത്. ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതായി ഫിനിഷ്‌ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും എലിമിനേറ്ററില്‍ മുംബൈയ്‌ക്കെതിരെ പരാജയപ്പെടുകയായിരുന്നു.
എന്നിരുന്നാലും മികച്ച പ്രകടനമായിരുന്നു ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഗുജറാത്ത് സീസണില്‍ കാഴ്ചവെച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ടീം എലിമിനേറ്ററില്‍ പതറിയെങ്കിലും സീസണ്‍ അവസാനിക്കുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. സീസണില്‍ ഏറ്റവും കുറവ് നോ ബോള്‍ വഴങ്ങുന്ന ടീമാകാനാണ് ഗില്ലിന്റെ ഗുജറാത്തിന് സാധിച്ചത്.
വെറും ഒരു നോബോള്‍ മാത്രമാണ് ഗുജറാത്ത് വഴങ്ങിയത്. എന്നാല്‍ ഈ റെക്കോഡ് ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ നോ ബോള്‍ എറിഞ്ഞ ടീം അക്‌സര്‍ പട്ടേലിന്റെ ദല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു. 13 നോ ബോളുകളാണ് ടീം വഴങ്ങിയത്.
ഐ.പി.എല്ലില്‍ വിജയകരമായ ടീമുകളിലൊന്നാണ് ഗുജറാത്ത്. ടീം നിലവില്‍ വന്ന 2022ല്‍ തന്നെ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ കിരീടം നേടുകയും ചെയ്തു. 2023ല്‍ റണ്ണര്‍ അപ്പ് ആകുകയും ചെയ്തിരുന്നു.
പിന്നീട് പാണ്ഡ്യ മുംബൈയിലേക്ക് ചോക്കേറിയപ്പോള്‍ 2024ല്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഗുജറാത്ത് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും 2025ല്‍ വമ്പന്‍ തിരിച്ചുവരവാണ് ക്യാപ്റ്റനും കൂട്ടരും കാഴ്ചവെച്ചത്. അടുത്ത വര്‍ഷം പൂര്‍വാധികം ശക്തിയോടെ ഗുജറാത്ത് തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: IPL 2025: Gujarat Titans In Great Record Achievement In IPL 2025