ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദ് തമ്മിലുള്ള മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ടൈറ്റസിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ഗംഭീര തുടക്കമാണ് ഗുജറാത്ത് ടൈറ്റന്‍സിന് ലഭിച്ചത്. പതിവുപോലെ ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ഹൈദരാബാദിനെതിരെ തകര്‍ത്തടിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.
ഇരുവരും പുറത്തായതിന് ശേഷം ടീമിന്റെ സ്‌കോറിങ്ങിലും വെടിക്കെട്ട് ബാറ്റിങ്ങിനും ചുക്കാന്‍ പിടിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറായിരുന്നു. അര്‍ധ സെഞ്ച്വറിയുമായാണ് താരം മത്സരത്തില്‍ തിളങ്ങിയത്. 37 പന്തില്‍ 64 റണ്‍സാണ് താരം അടിച്ചെടുത്തത്. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പതിനെട്ടാം ഓവറില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
മത്സരത്തില്‍ ഒരു മിന്നും നേട്ടവും താരം സ്വന്തമാക്കി. ഐ.പി.എല്ലില്‍ 4000 റണ്‍സ് എന്ന നാഴികക്കല്ലാണ് താരം നേടിയത്. ഈ നേട്ടത്തിലൂടെ റെക്കോഡില്‍ വേഗത്തില്‍ എത്തുന്ന നാലാമത്തെ ബാറ്ററാകാനും ബട്‌ലറിനായി. മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ മടികടന്നാണ് താരം മുന്നിലെത്തിയത്.
ഏറ്റവും വേഗത്തില്‍ 4,000 റണ്‍സ് തികച്ചത് (നേരിട്ട പന്തുകളിലൂടെ അടിസ്ഥാനത്തില്‍)
(പന്തുകള്‍ – താരം എന്നീ ക്രമത്തില്‍)
2,658 – ക്രിസ് ഗെയ്ല്‍
2,658 – എ ബി ഡിവില്ലിയേഴ്‌സ്
2,677 – ജോസ് ബട്ലര്‍
2,714 – സൂര്യകുമാര്‍ യാദവ്
മത്സരത്തില്‍ യുവ ഓപ്പണര്‍ സായ് സുദര്‍ശന്‍ 21 പന്തില്‍ 48 റണ്‍സെടുത്തപ്പോള്‍ 38 പന്തില്‍ 76 റണ്‍സ് നേടി. ഏഴാം ഓവറില്‍ മികച്ച ബാറ്റിങ്ങുമായി ക്രീസില്‍ തുടര്‍ന്ന സായ് സുദര്‍ശനെ പുറത്താക്കി സീഷന്‍ അന്‍സാരിയാണ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ബട്‌ലറിനെ കൂട്ടി ഗില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ടൈറ്റന്‍സിന്റെ സ്‌കോര്‍ ഉയര്‍ത്തി.
ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 62 റണ്‍സാണ് ചേര്‍ത്തത്. റണ്‍ ഔട്ടിലൂടെ ഹര്‍ഷല്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ എത്തിയവരെ കൂട്ടുപിടിച്ച് ജോസ് ബട്‌ലര്‍ ടൈറ്റന്‍സിനെ മുന്നോട്ട് കൊണ്ട് പോയി.
ഇവര്‍ക്കും പുറമെ വാഷിങ്ടണ്‍ സുന്ദര്‍ 16 പന്തില്‍ 21 റണ്‍സും ഷാരൂഖ് ഖാന്‍ രണ്ട് പന്തില്‍ ആറ് റണ്‍സും തെവാട്ടിയ മൂന്ന് പന്തില്‍ ആറ് റണ്‍സും എടുത്തു. റാഷിദ് ഖാന്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.
ഹൈദരാബാദിനായി ജയദേവ് ഉനകട്ട് നാല് ഓവറില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി. പാറ്റ് കമ്മിന്‍സും സീഷന്‍ അന്‍സാരിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് മികച്ച നിലയില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഓറഞ്ച് ആര്‍മി എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 73 റണ്‍സെടുത്തിട്ടുണ്ട്. 22 പന്തില്‍ 39 റണ്‍സെടുത്ത അഭിഷേക് ശര്‍മയും എട്ട് റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍.