ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദ് തമ്മിലുള്ള മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ടൈറ്റസിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു.
മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ഗംഭീര തുടക്കമാണ് ഗുജറാത്ത് ടൈറ്റന്‍സിന് ലഭിച്ചത്. പതിവുപോലെ ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ഹൈദരാബാദിനെതിരെ തകര്‍ത്തടിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. നാലാം ഓവറില്‍ തന്നെ ടീം സ്‌കോര്‍ ഇരുവരും ചേര്‍ന്ന് അമ്പത് കടത്തി.
തന്റെ ആദ്യ ഓവറില്‍ തന്നെ സായ് സുദര്‍ശന്റെ വിക്കറ്റ് വീഴ്ത്തി സീഷന്‍ അന്‍സാരിയാണ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കിയത്. താരം 21 പന്തില്‍ 48 റണ്‍സെടുത്തതാണ് പുറത്തായത്. ഒമ്പത് ഫോര്‍ അടിച്ച ഇന്നിംഗിസില്‍ താരം 208.7 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്. പുറത്താവുന്നതിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവില്‍ നിന്നും ഓറഞ്ച് ക്യാപ് സുദര്‍ശന്‍ തിരിച്ച് പിടിച്ചിരുന്നു.
22 പന്തില്‍ 42 റണ്‍സുമായി ക്യാപ്റ്റന്‍ ഗില്‍ ഒരറ്റത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഒമ്പത് പന്തില്‍ 12 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ക്രീസിലുള്ള മറ്റൊരു താരം. നിലവില്‍ ഒമ്പത് ഓവറുകള്‍ അവസാനിക്കുമ്പോള്‍ ടൈറ്റന്‍സ് ഒരു വിക്കറ്റിന് 103 റണ്‍സ് നേടിയിട്ടുണ്ട്.
സീസണിലെ പത്താം മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരുവരും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. രാജസ്ഥാനെതിരെ നടന്ന അവസാന മത്സരത്തില്‍ തോറ്റാണ് ഗുജറാത്ത് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. ഓറഞ്ച് ആര്‍മിയെ ഇന്നത്തെ മത്സരത്തില്‍ തോല്‍പ്പിക്കാനായാല്‍ പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാന്‍ ഗില്ലിനും കൂട്ടര്‍ക്കും സാധിക്കും.
അതേസമയം, പോയിന്റ് ടേബിളിലെ ഒമ്പതാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സിന് ജീവന്‍ മരണ പോരാട്ടമാണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഇനിയുള്ള മത്സരങ്ങളില്‍ ഒരു തോല്‍വി ഉദയസൂര്യന്‍മാര്‍ക്ക് പുറത്തേക്ക് വഴി തെളിക്കും.