ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെട്ടിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ടൈറ്റന്‍സ് തോറ്റത്. മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 25 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ജോസ് ബട്‌ലറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോറിലെത്തിയത്.
മത്സരത്തില്‍ നായകന്‍ ഗില്‍ 50 പന്തില്‍ 84 റണ്‍സ് നേടിയിരുന്നു. നാല് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 168 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയ താരമായിരുന്നു ടൈറ്റന്‍സിന്റെ സ്‌കോറിങ്ങില്‍ പ്രധാനി.
ഗുജറാത്തിന്റെ ഇന്നിങ്‌സിന് ശേഷം താരത്തെ പിന്‍വലിച്ചിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. മത്സരത്തിന് ശേഷം ഗില്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. തനിക് പുറം വേദന അനുഭവപ്പെട്ടതിനാലാണ് രണ്ടാം ഇന്നിങ്‌സില്‍ കളിക്കാന്‍ ഇറങ്ങാതിരുന്നതെന്ന് ഗില്‍ പറഞ്ഞു.
‘എനിക്ക് പുറം വേദന അനുഭവപ്പെട്ടു. റിസ്‌ക് എടുക്കേണ്ടതില്ലെന്ന് ഫിസിയോ നിര്‍ദേശിച്ചു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ക്ക് ഒരു മത്സരം വരാനുണ്ട്. അതിനാല്‍ എന്നോട് വിശ്രമിക്കാന്‍ പറഞ്ഞു,’ ഗില്‍ പറഞ്ഞു.
മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ രാജസ്ഥാന്‍ യുവതാരം വൈഭവ് സൂര്യവംശിയെ കുറിച്ചും ഗില്‍ സംസാരിച്ചു. വൈഭവ് കളി തങ്ങളില്‍ നിന്ന് എടുത്തുകളഞ്ഞുവെന്നും തങ്ങള്‍ക്ക് കുറച്ച് കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാമായിരുന്നുവെന്നും ഗില്‍ പറഞ്ഞു.
‘വൈഭവ് കളി ഞങ്ങളില്‍ നിന്ന് എടുത്തുകളഞ്ഞു. കളി ജയിച്ചതിന്റെ എല്ലാ ക്രെഡിറ്റും അവര്‍ക്കാണ്. ഞങ്ങള്‍ക്ക് കുറച്ച് കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാമായിരുന്നു, പക്ഷേ ഡഗൗട്ടില്‍ നിന്ന് അങ്ങനെ പറയാന്‍ എളുപ്പമാണ്.
ഇത് വൈഭവിന്റെ ദിവസമായിരുന്നു, അവനത് പൂര്‍ണമായും ഉപയോഗിച്ചു. അവന്‍ പുറത്തെടുത്ത കളി മികച്ചതായിരുന്നു.
എന്നിരുന്നാലും, ഈ കളിയെക്കുറിച്ച് ഞങ്ങള്‍ അധികം ചിന്തിക്കാന്‍ പോകുന്നില്ല. കാരണം ഞങ്ങളുടെ ശ്രദ്ധ ഇപ്പോള്‍ അഹമ്മദാബാദിലെ അടുത്ത മത്സരത്തിലാണ്. അത് ഞങ്ങളുടെ ഫേവറിറ്റ് ഗ്രൗണ്ടാണ്,’ ഗില്‍ പറഞ്ഞു.
ഗില്ലിന് പുറമെ ജോസ് ബട്‌ലറും മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ബട്‌ലര്‍ 26 പന്തില്‍ 50 റണ്‍സാണ് നേടിയത്. കൂടാതെ, സായ് സുദര്‍ശന്‍ 30 പന്തില്‍ 39 റണ്‍സുമെടുത്തു.
മറുപടി ബാറ്റിങ്ങില്‍ രാജസ്ഥനായി 14കാരന്‍ വൈഭവ് സൂര്യവംശി സെഞ്ച്വറിയും ജെയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറിയും നേടി. വൈഭവ് 38 പന്തില്‍ 101 റണ്‍സെടുത്തപ്പോള്‍ 40 പന്തില്‍ 70 റണ്‍സാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തത്. റിയാന്‍ പരാഗ് 15 പന്തില്‍ 32 റണ്‍സും നേടി.