ഐ.പി.എല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 244 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി പഞ്ചാബ് കിങ്‌സ്. എതിരാളികളുടെ സ്വന്തം തട്ടകമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, അരങ്ങേറ്റക്കാരന്‍ പ്രിയാന്‍ഷ് ആര്യ, സൂപ്പര്‍ താരം ശശാങ്ക് സിങ് എന്നിവരുടെ പ്രകടനത്തിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്.
ശ്രേയസ് അയ്യര്‍ 42 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. പുതിയ ടീമിനൊപ്പം ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങാനും ശ്രേയസ് അയ്യരിന് സാധിച്ചു. പ്രിയാന്‍ഷ് ആര്യ 23 പന്തില്‍ 47 റണ്‍സുമായി തിളങ്ങിയപ്പോള്‍ വെറും 16 പന്ത് നേരിട്ട് പുറത്താകാതെ 44 റണ്‍സാണ് ശശാങ്ക് സിങ് അടിച്ചെടുത്തത്.
പഞ്ചാബിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഒരു നേട്ടവും ശ്രേയസ് അയ്യരിനെ തേടിയെത്തി. ഐ.പി.എല്ലില്‍ ഒരു ടീമിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ശ്രേയസ് റെക്കോഡിട്ടത്.
ഐ.പി.എല്‍ 2021ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നേടിയ 119 റണ്‍സിന്റെ റെക്കോഡാണ് ഒന്നാമതുള്ളത്. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബായിരുന്നു എതിരാളികള്‍.
അതേസമയം, പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 244 റണ്‍സിന്റെ ലക്ഷ്യം പിന്തുടരുന്ന ഹോം ടീം മികച്ച രീതിയില്‍ ബാറ്റിങ് തുടരുകയാണ്. നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 എന്ന നിലയിലാണ് ടൈറ്റന്‍സ്. ഏഴ് പന്തില്‍ 18 റണ്‍സുമായി ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡും 22 പന്തില്‍ 38 റണ്‍സുമായി ജോസ് ബട്‌ലറുമാണ് ക്രീസില്‍.