ജീവന്‍ മരണ പോരാട്ടത്തില്‍ ഹിറ്റാകാന്‍ രോഹിത്; ഇരട്ട റെക്കോഡ് സ്വന്തമാക്കാന്‍ വേണ്ടത് ഇത്രമാത്രം
IPL
ജീവന്‍ മരണ പോരാട്ടത്തില്‍ ഹിറ്റാകാന്‍ രോഹിത്; ഇരട്ട റെക്കോഡ് സ്വന്തമാക്കാന്‍ വേണ്ടത് ഇത്രമാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th May 2025, 3:20 pm

ഐ.പി.എല്ലില്‍ ആദ്യ ഫൈനലിസ്റ്റായി ബെംഗളൂരു സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ഇനി ഐ.പി.എല്ലിന്റെ എലിമിനേറ്റര്‍ റൗണ്ടില്‍ ഗുജറാത്തും മുംബൈയും തമ്മിലുള്ള മത്സരത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. മുല്ലാന്‍പൂരില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ തീ പാറുമെന്ന കാര്യം ഉറപ്പാണ്. രണ്ടാം കിരീടത്തിന് വേണ്ടി കളത്തിലിറങ്ങുന്ന ഗുജറാത്തും ആറാം കിരീടം ലക്ഷ്യം വെക്കുന്ന മുംബൈയും നോക്ക് ഔട്ടില്‍ അതി ശക്തരാണ്.

മത്സരത്തില്‍ മുംബൈ സൂപ്പര്‍ താരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ഐ.പി.എല്ലില്‍ 300 സിക്സുകള്‍ എന്ന നാഴികക്കല്ലാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ഇതിനായി രോഹിത്തിന് രണ്ട് സിക്സുകള്‍ മാത്രമാണ് വേണ്ടത്. മാത്രമല്ല ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ആക്ടീവ് താരമാകാനും രോഹിത്തിന് സാധിക്കും. നേരത്തെ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ആക്ടീവ് താരങ്ങള്‍, സിക്‌സ്

രോഹിത് ശര്‍മ – 298

വിരാട് കോഹ്‌ലി – 291

എം.എസ്. ധോണി – 264

ആന്ദ്രെ റസല്‍ – 223

ക്രിസ് ഗെയ്‌ലിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാകാനും രോഹിത്തിന് സാധിക്കും. മാത്രമല്ല, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ എന്ന നേട്ടവും മുംബൈ ഓപ്പണര്‍ക്ക് സ്വന്തം പേരില്‍ കുറിക്കാനാവും.

നിലവില്‍ രോഹിത് ടൂര്‍ണമെന്റില്‍ 265 ഇന്നിങ്‌സില്‍ നിന്ന് 298 സിക്സുകള്‍ നേടിയിട്ടുണ്ട്. പതിനെട്ട് സീസണുകളില്‍ നിന്ന് 627 ഫോറുകളും താരം അടിച്ചെടുത്തിട്ടുണ്ട്. തന്റെ ടി -20 കരിയറില്‍ മൊത്തം 542 സിക്‌സും 1097 ഫോറും മുംബൈ താരത്തിന്റെ പേരിലുണ്ട്.

പതിനെട്ടാം സീസണ്‍ വളരെ മോശം പ്രകടനത്തോടെയാണ് തുടങ്ങിയതെങ്കിലും രോഹിത് ഇതുവരെ 13 മത്സരങ്ങളില്‍ നിന്ന് 329 റണ്‍സാണ് നേടിയത്. 76* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം രേഖപ്പെടുത്തി. സീസണില്‍ 18 സിക്‌സും 31 ഫോറുമാണ് തന്റെ അക്കൗണ്ടില്‍ ചേര്‍ത്തത്. ഈ സീസണില്‍ താരം 147.53 എന്ന സ്‌ട്രൈക്ക് റേറ്റിലും 27.42 ആവറേജിലുമാണ് താരം ബാറ്റ് വീശിയത്.

Content Highlight: IPL 2025: GT VS MI: Rohit Sharma Need Two Sixes To Achieve Great Record In IPL History