| Tuesday, 6th May 2025, 7:11 pm

അമ്പമ്പോ രോഹിത് ഇത്രേം വമ്പനോ, മുംബൈയുടെ കൊമ്പന്‍മാരില്‍ മുമ്പന്‍; വെറും മൂന്ന് സിക്‌സറകലെ ട്രിപ്പിള്‍ സെഞ്ച്വറി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ 56ാം മത്സരത്തിന് കളമൊരുങ്ങുകയാണ്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

പ്ലേ ഓഫ് ലക്ഷ്യം വെക്കുന്ന ഇരു ടീമുകളെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്. ചൊവ്വാഴ്ച വിജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.

ഈ മത്സരത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ ഒരു ചിരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. ഐ.പി.എല്ലില്‍ 300 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ രണ്ടാമത് താരമെന്ന റെക്കോഡാണ് ഹിറ്റ്മാന് മുമ്പിലുള്ളത്. ഇതിന് വേണ്ടതാകട്ടെ വെറും മൂന്നേ മൂന്ന് സിക്‌സറുകളും.

ഐ.പി.എല്ലില്‍ കളത്തിലിറങ്ങിയ 262 ഇന്നിങ്‌സില്‍ നിന്നും 297 സിക്‌സറുകളാണ് രോഹിത് അടിച്ചെടുത്തത്. 357 സിക്‌സറുകള്‍ സ്വന്തമാക്കിയ ക്രിസ് ഗെയ്‌ലാണ് ഇക്കൂട്ടത്തില്‍ ഒന്നാമന്‍.

മുംബൈ ഇന്ത്യന്‍സിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ രോഹിത് ദില്‍ സേ ആര്‍മിക്കായി 262 തവണയും ഐ.പി.എല്‍ കിരീടത്തിന്റെ ആദ്യ മധുരമണിഞ്ഞ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം 35 സിക്‌സറുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 151 – 357

രോഹിത് ശര്‍മ – 262 – 297

വിരാട് കോഹ്‌ലി – 255 – 290

എം.എസ്. ധോണി – 240 – 262

എ.ബി. ഡി വില്ലിയേഴ്‌സ് – 170 – 251

ഡേവിഡ് വാര്‍ണര്‍ – 184 – 236

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 171 – 223

ആന്ദ്രേ റസല്‍ – 113 – 220

സഞ്ജു സാംസണ്‍ – 170 – 216

അതേസമയം, നിലവില്‍ 11 മത്സരത്തില്‍ നിന്നും ഏഴ് വിജയവും നാല് തോല്‍വിയുമാണ് ഗുജറാത്ത് ടൈറ്റന്‍സിനും മുംബൈ ഇന്ത്യന്‍സിനുമുള്ളത്. നിലവില്‍ മുംബൈ മൂന്നാമതും ടൈറ്റന്‍സ് നാലാം സ്ഥാനത്തുമാണ്. നെറ്റ് റണ്‍ റേറ്റാണ് ഇരുവരെയും വേര്‍തിരിക്കുന്നത്.

ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കുന്ന ടീമിന് റോയല്‍ ചലഞ്ചേഴ്സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുമാകും.

Content Highlight: IPL 2025: GT vs MI: Rohit Sharma need 3 sixes to complete 300 sixes in IPL

We use cookies to give you the best possible experience. Learn more