ഐ.പി.എല്‍ 2025ലെ 56ാം മത്സരത്തിന് കളമൊരുങ്ങുകയാണ്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
പ്ലേ ഓഫ് ലക്ഷ്യം വെക്കുന്ന ഇരു ടീമുകളെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്. ചൊവ്വാഴ്ച വിജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.
ഈ മത്സരത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ ഒരു ചിരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. ഐ.പി.എല്ലില്‍ 300 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ രണ്ടാമത് താരമെന്ന റെക്കോഡാണ് ഹിറ്റ്മാന് മുമ്പിലുള്ളത്. ഇതിന് വേണ്ടതാകട്ടെ വെറും മൂന്നേ മൂന്ന് സിക്‌സറുകളും.
മുംബൈ ഇന്ത്യന്‍സിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ രോഹിത് ദില്‍ സേ ആര്‍മിക്കായി 262 തവണയും ഐ.പി.എല്‍ കിരീടത്തിന്റെ ആദ്യ മധുരമണിഞ്ഞ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം 35 സിക്‌സറുകളും സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, നിലവില്‍ 11 മത്സരത്തില്‍ നിന്നും ഏഴ് വിജയവും നാല് തോല്‍വിയുമാണ് ഗുജറാത്ത് ടൈറ്റന്‍സിനും മുംബൈ ഇന്ത്യന്‍സിനുമുള്ളത്. നിലവില്‍ മുംബൈ മൂന്നാമതും ടൈറ്റന്‍സ് നാലാം സ്ഥാനത്തുമാണ്. നെറ്റ് റണ്‍ റേറ്റാണ് ഇരുവരെയും വേര്‍തിരിക്കുന്നത്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കുന്ന ടീമിന് റോയല്‍ ചലഞ്ചേഴ്സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുമാകും.
Content Highlight: IPL 2025: GT vs MI: Rohit Sharma need 3 sixes to complete 300 sixes in IPL